തരൂര്‍ -സുപ്രിയ വിവാഹനിശ്ചയം; പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടിന്റെ വസ്തുത അറിയണം

തരൂര്‍ -സുപ്രിയ വിവാഹനിശ്ചയം; പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടിന്റെ വസ്തുത അറിയണം

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരും എന്‍സിപി എംപി സുപ്രിയ സൂലെയും വിവാഹം കഴിക്കുവാന്‍ പോകുന്നതായി വ്യാജ സന്ദേശം പ്രചരിക്കുന്നു. ശശി തരൂര്‍ വിവാഹക്കാര്യം ട്വീറ്റ് ചെയ്‌തെന്ന രീതിയിലുള്ള സ്‌ക്രീന്‍ഷോട്ടാണ് വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിക്കുന്നത്. പാര്‍ലമെന്റ് നടപടികള്‍ പുരോഗമിക്കവേ സഭയില്‍ സംസാരിക്കുന്ന എന്‍സിപി എം.പി സുപ്രിയ സൂലെയുടെയും തിരുവനന്തപുരം എം.പി ശശി തരൂരിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സഭയില്‍ അടുത്തതായി സംസാരിക്കേണ്ടിയിരുന്ന സുപ്രിയ ഒരു സംശയം താനുമായി പങ്കുവെക്കുകയായിരുന്നുവെന്നും, സംസാരിച്ചുകൊണ്ടിരുന്ന ഫാറൂഖ് അബ്ദുള്ളയെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി ഇരുവരും പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും തരൂര്‍ കുറിച്ചു. തന്റെ ഇരിപ്പിടത്തില്‍നിന്ന് നീങ്ങിവരുന്ന തരൂര്‍ തല കൈകള്‍ക്ക് മുകളില്‍വെച്ച് കിടന്നുകൊണ്ട് തൊട്ടു മുന്നിലെ നിരയില്‍നിന്നും തിരിഞ്ഞിരിക്കുന്നു സുപ്രിയ പറയുന്നത് പുഞ്ചിരിയോടെ കേള്‍ക്കുന്നതാണ് വീഡിയോ ഉള്ളടക്കം. മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഫാറൂഖ് അബ്ദുള്ള സഭയില്‍ സംസാരിക്കവേ സുപ്രിയയും തരൂരും സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെട്ടത് നിരുത്തരവാദപരവും അനാദരവുമായി ആണ് സമൂഹമാധ്യമങ്ങളില്‍ പലരും കണ്ടത്. വീഡിയോ വൈറലായതോടെ തരൂരിനെ ലക്ഷ്യംവച്ചുകൊണ്ട് ധാരാളം ട്രോളുകളും പുറത്തുവന്നിരുന്നു. പോസ്റ്റ് പ്രകാരം 2022 ഏപ്രില്‍ 23നാണ് വിവാഹനിശ്ചയം തീരുമാനിച്ചിരിക്കുന്നത്. ഈ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്ക് പേജുകളിലൂടെയും പ്രചരിക്കുകയാണ്.