വിഴിഞ്ഞം തുറമുഖത്തെ സമരക്കാർക്കുള്ള ഭക്ഷണം പൊലീസ് തിരിച്ചയച്ചെന്ന് പരാതി
ഗേറ്റിന് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് കൊണ്ടുവന്ന ഭക്ഷണം പൊലീസ് തിരിച്ചയപ്പിച്ചെന്നായിരുന്നു പരാതിയുമായി വിഴിഞ്ഞം തുറമുഖത്ത് സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡീഷ്യസിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു.
നിരാഹാര സമരം ആരംഭിച്ചതിന് പിന്നാലെ ഇവർക്കായി കൊണ്ടുവന്ന കിടക്ക എടുത്തുമാറ്റാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. വൈദികരെ പൊലീസ് മർദ്ദിച്ചെന്നാണ് സമര സമിതിയുടെ ആരോപണം. കൂടുതൽ പേര് സമരസ്ഥലത്തേക്ക് എത്തിയതോടെ പ്രതിഷേധം കനത്തു. പിന്നാലെ ജില്ലാകളക്ടറും കമ്മീഷണറും സ്ഥലത്തേക്ക് എത്തി സമരക്കാരുമായി അനുരഞ്ജന ചര്‍ച്ച നടത്തി.വൈദികരുടെ പരാതിക്ക് ഇടയാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ സമരവേദിയിൽ ഡ്യൂട്ടിക്ക് ഇടില്ലെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകി. ഡെപ്യൂട്ടി കമ്മീഷണർ, കൺട്രോൾ റൂം എസി, എസിയുടെ ഡ്രൈവർ എന്നിവരെ ഡ്യുട്ടിക്ക് ഇടില്ലെന്നും വൈദികരുടെ പരാതി പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സമരക്കാർ നിരാഹാരസമരം അവസാനിപ്പിച്ചത്. സമരം അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തമാകും എന്നാണ് ലത്തീൻ അതിരൂപതയുടെ മുന്നറിയിപ്പ്.
അതേസമയം, പ്രതിഷേധത്തിന്‍റെ പേരിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കാനാകില്ലെന്നായിരുന്നു ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. പദ്ധതിയിൽ എതിർപ്പുള്ളവർക്ക് നിയമത്തിന്‍റെ പരിധിയിൽ നിന്ന് പ്രതിഷേധമാകാമെന്നും സിംഗിൾ ബഞ്ച് വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. പൊലീസ് പ്രതിഷേധക്കാർക്ക് കൂട്ട് നിൽക്കുകയാണെന്നും സമരം കാരണം പദ്ധതി പൂർണ്ണമായി നിശ്ചലമായെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറയിച്ചു. വിഴിഞ്ഞത്തേത് സ്വകാര്യ പദ്ധതിയല്ലെന്നും പൊതുപണം അടക്കം ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനം നടക്കുന്നുണ്ടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. എന്നാൽ സമരം സമാധാനപരമായാണ് നടക്കുന്നതെന്ന് പ്രതിഷേധക്കാർ കോടതിയെ അറിയിച്ചു. പരാതികൾ ഉചിതമായ ഫോറത്തിലാണ് അറിയിക്കേണ്ടതെന്ന് വ്യക്തമാക്കിയ കോടതി ഹർജിയിൽ ബുധനാഴ്ച വിശദമായ വാദം കേൾക്കും