വാങ്ചുക്കിന്റെ നിരാഹാരം 20-ാം ദിവസത്തിലേക്ക്; ആരോഗ്യനില വഷളാകുന്നു; അവഗണിച്ച് കേന്ദ്രസർക്കാർ
Sonam Wangchuk's hunger strike enters Day 20 as health deteriorates, with no response yet from the Central government
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 20 ദിവസം പിന്നിടുന്നു. ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ അദ്ദേഹം ഉയർത്തിയ ആവശ്യങ്ങളിൽ ഇതുവരെ കേന്ദ്രസർക്കാരിൽനിന്ന് മറുപടിയുമുണ്ടായിട്ടില്ല. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രമുഖർ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായിട്ടില്ല.
സി.ജെ.പി. നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ വാങ്ചുക്കിനൊപ്പംതന്നെ വിദ്യാർഥി സംഘടനാ പ്രവർത്തകരും നിരാഹാരസമരം നടത്തുന്നുണ്ട്. ജെഎൻയുവിലെ ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ) അംഗങ്ങളായ നാലുപേരാണ് 20 ദിവസമായി നിരാഹാരം തുടരുന്നത്. ഇവരിൽ ഒരാളായ ദീപക്കിനെ കഴിഞ്ഞ തിങ്കളാഴ്ച ‘ഹൈപ്പോവോളോമിക് ഷോക്ക്’ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രക്തമോ ശരീരത്തിലെ ജലാംശമോ അമിതമായി നഷ്ടപ്പെടുന്നതുമൂലം ഹൃദയത്തെ ബാധിക്കാവുന്ന ഗുരുതരമായ അവസ്ഥയാണിത്. ദീപകിനെ പിന്നീട് ഡിസ്ചാർജ് ചെയ്തു. ദീപക്കിന് പുറമേ നേഹ ബോറ, മനീഷ്, അമീൻ എന്നിവരും നിരാഹര സമരത്തിലുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചകളും ലഡാക്കിന്റെ ഭരണഘടനാപരമായ സംരക്ഷണം സംബന്ധിച്ച ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നതിലും പ്രതിഷേധിച്ചാണ് വാങ്ചുക്കിന്റെ പ്രതിഷേധം. നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി, സാഹിത്യകാരായ അമിതാവ് ഘോഷ്, അരുന്ധതി റോയ്, സംവിധായകരായ സോയ അക്തർ, മീര നായർ, കിരൺ റാവു ഉൾപ്പെടെ ഒട്ടേറെ വ്യക്തിത്വങ്ങൾ നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള പൊതു അഭ്യർഥനയിൽ ഒപ്പുവെച്ചു.
വാങ്ചുക്കിന്റെ ആരോഗ്യനില ഓരോ ദിവസവും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കുന്നത്.