ടൈ ധരിക്കാത്തതിന് 'കാലുപിടിച്ച് മാപ്പുപറയാൻ' നിർബന്ധിച്ചെന്ന് ആരോപണം; ഇൻഡിഗോയിലെ ജോലി രാജിവച്ച് മലയാളി യുവാവ്

Indigo employee's resignation citing alleged mistreatment for forgetting to wear a tie

ടൈ ധരിക്കാത്തതിന് 'കാലുപിടിച്ച് മാപ്പുപറയാൻ' നിർബന്ധിച്ചെന്ന് ആരോപണം; ഇൻഡിഗോയിലെ ജോലി രാജിവച്ച് മലയാളി യുവാവ്

കാസർകോട്: യൂണിഫോമിനൊപ്പം ടൈ ധരിക്കാൻ മറന്നതിന്റെ പേരിൽ സഹപ്രവർത്തകയുടെ കാലുപിടിച്ച് മാപ്പുപറയാൻ മേലുദ്യോഗസ്ഥൻ നിർബന്ധിച്ചെന്ന ഗുരുതര ആരോപണവുമായി ഇൻഡിഗോയിലെ ജോലി രാജിവച്ച് മലയാളി യുവാവ്. കാസർകോട് എതിർത്തോട് സ്വദേശിയും ഇൻഡിഗോ സേഫ്റ്റി മാർഷലുമായിരുന്ന വൈ. മുഹമ്മദ് ജംഷീദാണ് സമൂഹമാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ചത്. എന്നാൽ, ഇത്തരത്തിൽ ഒരു സംഭവവും നടന്നിട്ടില്ലെന്നും പരാതിയിൽ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നുമാണ് ഇൻഡിഗോയുടെ വിശദീകരണം.

ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ-1ൽ ജൂൺ 9ന് നടന്ന സംഭവത്തെ തുടർന്നാണ് രാജിവച്ചതെന്ന് ജംഷീദ് പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട ഇൻസ്പെക്ഷനായി ടെർമിനലിലെത്തിയപ്പോഴാണ് ടൈ ധരിച്ചിട്ടില്ലെന്ന് മേലുദ്യോഗസ്ഥൻ ചോദ്യം ചെയ്തതെന്നും, ടൈ ധരിക്കാൻ മറന്നതിൽ ക്ഷമ ചോദിച്ചിട്ടും അതിൽ തൃപ്തനാകാതെ ടെർമിനൽ കൗണ്ടറിലെ സൂപ്പർവൈസറെ വിളിച്ചുവരുത്തി "ടൈ ധരിക്കാത്ത ജീവനക്കാരനെ എന്തിനാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്" എന്ന് ചോദിച്ചതായും അദ്ദേഹം ആരോപിച്ചു.

സൂപ്പർവൈസർ അത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് അറിയിച്ചതോടെ ആദ്യം അവരോട് മാപ്പുപറയാൻ ആവശ്യപ്പെട്ടു. മാപ്പുപറഞ്ഞ ശേഷവും അതേ സഹപ്രവർത്തകയുടെ കാലുപിടിച്ച് ക്ഷമ ചോദിക്കണമെന്ന് മേലുദ്യോഗസ്ഥൻ നിർബന്ധിച്ചുവെന്നാണ് ജംഷീദിന്റെ ആരോപണം. അതിന് തയ്യാറല്ലെന്ന് അറിയിച്ചപ്പോൾ "എന്റെ ടെർമിനലിൽ നിന്ന് പുറത്തുപോകൂ" എന്നായിരുന്നു പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

അന്നത്തെ ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം അവധിക്ക് പോയ ജംഷീദ്, പിന്നീട് രാജിക്കത്ത് സമർപ്പിക്കുന്നതിനൊപ്പം കമ്പനിയുടെ എത്തിക്സ് കമ്മിറ്റിക്ക് പരാതി നൽകിയതായും വ്യക്തമാക്കി. മാനേജ്മെന്റുമായി സംസാരിച്ച് വിഷയം പരിഹരിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. രാജിയുമായി ബന്ധപ്പെട്ട് എച്ച്ആർ വിഭാഗവുമായി സംസാരിച്ചപ്പോഴും സംഭവം വിശദമായി അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നോട്ടീസ് കാലാവധി പൂർത്തിയായതോടെ ജോലി അവസാനിപ്പിച്ച ജംഷീദ്, തുടർന്ന് സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഒത്തുതീർപ്പിനായി പലരും ബന്ധപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ജംഷീദിന്റെ ആരോപണങ്ങൾ ഇൻഡിഗോ തള്ളി. പരാതി വിശദമായി പരിശോധിച്ചെങ്കിലും ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും, ഇത്തരത്തിൽ ഒരു സംഭവം നടന്നതായി കണ്ടെത്താനായിട്ടില്ലെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെ പരാതികൾ ഗൗരവത്തോടെ പരിശോധിക്കുന്ന നയമാണ് പിന്തുടരുന്നതെന്നും ഇൻഡിഗോ വ്യക്തമാക്കി.