മോദിക്ക് ഇഷ്ടം വിദേശ പാര്‍ലമെന്റില്‍ സംസാരിക്കാന്‍: ശശി തരൂര്‍
ഡല്‍ഹി: പ്രധാനമന്ത്രി മോദിയെ കണക്കിന് പരിഹസിച്ച് ശശി തരൂര്‍ എംപി. ഇന്ത്യന്‍ പാര്‍ലമെന്റിനേക്കാള്‍ വിദേശ പാര്‍ലമെന്റിലാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്ന് അദേഹം കളിയാക്കി. നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഹാജരാകാത്തതിനെയാണ് അദ്ദേഹം പരിഹസിച്ചത്. ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും മോദിയുടെയും പ്രവര്‍ത്തന ശൈലിയെ കോണ്‍ഗ്രസ് എംപി താരതമ്യം ചെയ്തത്. നെഹ്റുവിന് വിപരീതമായി, ഇന്ത്യന്‍ പാര്‍ലമെന്റിനെക്കാള്‍ കൂടുതല്‍ പ്രസംഗങ്ങള്‍ വിദേശ പാര്‍ലമെന്റിലാണ് മോദി നടത്തിയതെന്നും തരൂര്‍ പരിഹസിച്ചു. 1962ലെ ഇന്ത്യ-ചൈന യുദ്ധം അനുസ്മരിച്ചുകൊണ്ട്, അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പാര്‍ലമെന്റ് സമ്മേളനം വിളിച്ചതും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തതും തരൂര്‍ വിവരിച്ചു. എന്നാല്‍ ഇന്ന് ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ഉന്നയിക്കാന്‍ മോദി അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇരുപത് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിട്ടും ഇന്ത്യ-ചൈന വിഷയങ്ങളില്‍ ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.