കുരങ്ങുപനി : ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോ​ഗ്യ മന്ത്രാലയം

പനി പേശിവേദന ക്ഷീണം എന്നിവ ലക്ഷണങ്ങൾ

കുരങ്ങുപനി : ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോ​ഗ്യ മന്ത്രാലയം

കോവിഡിന് പിന്നാലെ നിരവധി രാജ്യങ്ങളിൽ കുരങ്ങുപനി ( മങ്കിപോക്‌സ്) പടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് കർശന നിർദേശം നൽകിയിട്ടുള്ളത്. കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് നിർദേശം. രോഗബാധ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ പനി കണ്ടാൽ നിരീക്ഷണത്തിലേക്ക് മാറ്റണം. രോഗബാധിതരെന്ന് സംശയം തോന്നുന്നവരുടെ സാംപിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയക്കണം. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെയെല്ലാം കർശന തെർമൽ സ്‌കാനിങ് പരിശോധനയ്ക്ക് വിധേയരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവർ 21 ദിവസത്തിനുള്ളിൽ കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യങ്ങളിൽ പോയിട്ടുണ്ടോ എന്നും ഉറപ്പു വരുത്തണം. കുരങ്ങുപനിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കാൻ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഇൻഡ്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്നിവയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. 12 രാജ്യങ്ങളിലായി 130 ലേറെപ്പേർക്കാണ് ഇതുവരെ മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ രോ​ഗബാധിതരുടെ എണ്ണം നൂറുകടന്നു. കാനഡയ്ക്ക് പിന്നാലെ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ, ഇറ്റലി, അമേരിക്ക, സ്വീഡൻ, ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ്, തുടങ്ങിയ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ലോകാരോഗ്യ സംഘടന അടിയന്തരയോഗം വിളിച്ചു. വൈറസ് ബാധയുള്ള മൃഗങ്ങളിൽ നിന്നോ മനുഷ്യരിൽ നിന്നോ ആണ് രോഗം പകരുന്നത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ചിക്കൻപോക്‌സിലുണ്ടാകുന്നതു പോലെ കുമിളകൾ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. കുരങ്ങുപനിയിൽ മരണനിരക്ക് പൊതുവെ കുറവാണ്