മുഖ്യമന്ത്രിയുടെ 'സൗഭാഗ്യ’ പരാമർശം അധമ മനസിന്റെ പ്രതിഫലനം: ടി.യു രാധാകൃഷ്ണൻ

പരാജയ ഭീതിയിൽ നിന്നുള്ള ജല്പനങ്ങളാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്

മുഖ്യമന്ത്രിയുടെ 'സൗഭാഗ്യ’ പരാമർശം അധമ മനസിന്റെ പ്രതിഫലനം: ടി.യു രാധാകൃഷ്ണൻ

   പി.ടി തോമസിന്റെ മരണത്തെ സൗഭാഗ്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് സിപിഎമ്മിന്റെ അധമ മനസിന്റെ പ്രതിഫലനമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്.

ഇത്രയും ക്രൂരവും നിന്ദ്യവുമായി സംസാരിക്കാനും പ്രവർത്തിക്കാനും മുഖ്യമന്ത്രിക്കേ കഴിയൂ. ദീർഘകാലത്തെ പൊതുപ്രവർത്തനം കൊണ്ട് അത് അദ്ദേഹം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.മുഖ്യമന്ത്രി നടത്തിയ ‘സൗഭാഗ്യ’ പ്രയോഗം വെറുമൊരു നാക്കുപിഴയല്ല. പിടി തോമസിന്റെ ജനസ്വീകാര്യതയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്. ജനകീയനായത് കൊണ്ടാണ് തൃക്കാക്കരയിലെ പ്രബുദ്ധരായ മതേതര ജനാധിപത്യവിശ്വാസികൾ പി.ടി തോമസിനെ തങ്ങളുടെ പ്രതിനിധിയായി തുടർച്ചയായി തെരഞ്ഞെടുത്തും നിയമസഭയിലേക്ക് അയച്ചതും.

തൃക്കാക്കരയിൽ പിടി തോമസിന് ലഭിച്ച ജനസമ്മതി യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനും ലഭിക്കുന്നു.ഈ തിരിച്ചറിവ് മുഖ്യമന്ത്രിയെ വല്ലാതെ വിറളിപിടിപ്പിക്കുന്നു. പരാജയഭീതിയിൽ നിന്നുള്ള ജൽപ്പനങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. പിടി ജീവിച്ചിരുന്ന വേളയിൽ പലവട്ടം അദ്ദേഹത്തെ അപകീർത്തിപെടുത്താനും അധിക്ഷേപിക്കാനും സിപിഎം ശ്രമിച്ചു. മരണശേഷവും പി.ടി തോമസ് എന്ന നാമം സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നു. ഒരാളുടെ മരണത്തെ പോലും സൗഭാഗ്യമായി കാണാനുള്ള വികൃതമായ മനോനിലയാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഉള്ളത്. കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം പിണറായി വിജയന് വീണ്ടും അവസരം നൽകിയതാണ്. അതിലുള്ള അവരുടെ പ്രതിഷേധം രേഖപ്പെടുത്താനുള്ള വേദിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്നും രാധാകൃഷ്ണൻ പറഞ്ഞു.