വൈദ്യുതി ഉത്പാദന രംഗത്തെ സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍
വൈദ്യുതി ഉത്പാദന രംഗത്തെ സാധ്യതകള്‍ വ്യാപിപ്പിച്ച് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകവഴി പുരോഗതി കൈവരിക്കാമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ ഭരണകൂടവും കെ എസ് ഇ ബിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @ 2047’ ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി രംഗത്ത് മികച്ച മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. രാജ്യത്തിന്റെ വികസന മുന്നേറ്റത്തിന് ഇത് വലിയ പങ്കാണ് വഹിക്കുന്നത്.
2047 ആകുമ്പോഴേക്കും രാജ്യത്ത് വിപ്ലവകരമായ പുരോഗതിയുണ്ടാകും. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ജില്ലയാണ് ഇടുക്കി. ജില്ലയില്‍ എല്ലായിടത്തും വൈദ്യുതി എത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ കോളനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വീടുകള്‍ എല്ലായിടത്തും വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ചെറുകിട പദ്ധതികളും പരിഗണിക്കും. ചിന്നാറില്‍ 24 മെഗാവാട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ ഉല്പാദനം വര്‍ധിപ്പിക്കും. മൂലമറ്റം നിലയത്തില്‍ 4 ജനറേറ്റര്‍ കൂടി പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ പവര്‍ലൈനുകളുടെ ക്ഷമത വര്‍ധിപ്പിച്ചു വോള്‍ട്ടേജ് പ്രശ്നങ്ങള്‍ പരിഹരിക്കും.