ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാതിരുന്നതില്‍ ഹൃദയവേദനയുണ്ട്; അതിന്റെ കാരണം സോണിയഗാന്ധിയെ അറിയിക്കും : മുല്ലപ്പള്ളി

ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാതിരുന്നതില്‍ ഹൃദയവേദനയുണ്ട്; അതിന്റെ കാരണം സോണിയഗാന്ധിയെ അറിയിക്കും : മുല്ലപ്പള്ളി

ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതിനെച്ചൊല്ലി വിവാദം മുറുകവേ പ്രതികരണവുമായി കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. 'നാളത്തെ കോണ്‍ഗ്രസിന്‍റെ റോഡ് മാപ്പ് തയ്യാറാക്കിയ ചിന്തന്‍ ശിബിരമാണ് നടന്നത്.അതിനെ സ്വാഗതം ചെയ്യുന്നു. ബ്രെയിന്‍ സ്റ്റോമിംഗ് സെഷനാണ് നടന്നത്.  അതിന്‍റെ പ്രാധാന്യം എനിക്കറിയാം. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ഏറെ അടുപ്പമുള്ള നഗരമാണ് കോഴിക്കോട്. പഠിച്ചതും വളര്‍ന്നതും ഇവിടെയാണ്. യുവജന രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ മണ്ണാണ്. അവിടെ നടന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നതില്‍ അതിയായ ദു:ഖമുണ്ട്'- മുല്ലപ്പള്ളി പ്രതികരിച്ചു.

ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. അങ്ങേയറ്റം മനോവ്യഥ എനിക്കുണ്ടായിട്ടുണ്ട്. പങ്കെടുക്കാതിരുന്നതിന്‍റെ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നില്ല. അത് സോണിയഗാന്ധിയെ അറിയിക്കും- മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്‍റാണ് ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിച്ചതെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഒരു നേതാവിനോടും വ്യക്തിപരമായി വിരോധമില്ല. ആശയപരമായ ഭിന്നത മാത്രമാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.