പിടി ഞങ്ങളുടെ സൗഭാഗ്യം; ഉറക്കെ വിളിച്ചുപറഞ്ഞു തൃക്കാക്കര
സര്‍ക്കാര്‍ സംവിധാനങ്ങളും ലക്ഷങ്ങളും പൊട്ടിച്ചെങ്കിലും തൃക്കാക്കരയുടെ മണ്ണില്‍ യുഡിഎഫിനെ വീഴ്ത്താന്‍ പോന്ന വമ്പൊന്നും പിണറായി വിജയനില്ലെന്ന് തെളിയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ ലീഡ് പതിനായിരം കടന്ന് മുന്നോട്ട് കുതിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുവെന്ന് സിപിഎം ഉറപ്പിച്ചു. 60 എംഎല്‍എമാര്‍, മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ പട..എന്നിട്ടും പിടി തോമസിനെ നെഞ്ചിലേറ്റിയ അതേ സ്‌നേഹവായ്പ്പുകള്‍ വോട്ടായി നല്‍കി തൃക്കാക്കര ഉമയെയും ചേര്‍ത്തുപിടിച്ചു. തൃക്കാക്കരയുടെ നിര്‍ഭാഗ്യമല്ല..ഭാഗ്യമാണ് പിടി തോമസെന്ന് അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. എല്‍ഡിഎഫ് തേരോട്ടം പ്രതീക്ഷിച്ച് കാലുവാരി സിപിഎം പാളയത്തിലെത്തിയ കെ വി തോമസ് അടക്കമുള്ള നേതാക്കളുടെ മുഖത്തിനേറ്റ അടികൂടിയാണ് തൃക്കാക്കരയിലെ ഫലം. അമിതാത്മവിശ്വാസവും അഹങ്കാരവും തൃക്കാക്കരയില്‍ സിപിഎമ്മിനെയും എല്‍ഡിഎഫിനെയും പിന്നോട്ടടിച്ച രണ്ട് ഘടകം. രാഷ്ട്രിയ പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത വീട്ടമ്മയുടെ റോളില്‍ ഒതുങ്ങി കഴിഞ്ഞ ഉമ തോമസിന് തൃക്കാക്കരയില്‍ ഒന്നും ചെയ്യാനില്ലെന്ന് വിമ്പു പറഞ്ഞ എല്‍ഡിഎഫ് പക്ഷെ അവിടെ വിസ്മരിച്ചത് പിടി തോമസ് എന്ന ശക്തനായ രാഷ്ട്രിയ നേതാവിനെയായിരുന്നു. ഉമയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് വോട്ടുകള്‍ പെട്ടിയിലാക്കാമെന്ന ചിന്തയാണ് എല്‍ഡിഎഫിനെ തൃക്കാക്കരയില്‍ നയിച്ചത് തന്നെ. ഒരു പക്ഷെ ജീവിച്ചിരുന്ന പിടിയേക്കാള്‍ മരിച്ച പിടിയാണ് എല്‍ഡിഎഫിനെ തൃക്കാക്കരയില്‍ കൊമ്പ് കുത്തിച്ചതെന്ന് പറയേണ്ടതുണ്ട്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പെയിന്റെ ഉദ്ഘാടന ചടങ്ങില്‍ സൗഭാഗ്യ പ്രസംഗം നടത്തിയ പിണറായി വിജയനാണ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിതം. അതേ സമയം പണവും സ്വാധീനവുമെല്ലാം ഒരുമിച്ച് പോരിനിറങ്ങിയിട്ടും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ അതിനെയെല്ലാം മറികടന്ന വി ഡി സതീശനും കെ സുധാകരനുമാണ് നൂറ് മാര്‍ക്ക്. വോട്ട് കുറഞ്ഞാല്‍ അതിന്റെ ഉത്തരവാദികള്‍ താന്‍ മാത്രമാണെന്ന് പറഞ്ഞ വിഡി സതീശന്റെ വിശ്വാസം അവിടെ യുഡിഎഫ് കാത്തുസൂക്ഷിച്ചു. തോല്‍ക്കുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞപ്പോഴും തന്റെ നിലപാടില്‍ നിന്ന് വി ഡി സതീശന്‍ പിന്നാക്കം പോയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പി ടി തോമസ് നേടിയതിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ അവിടെ ഉമ തോമസ് വിജയിക്കുമെന്ന് പറഞ്ഞ സതീശന് ആത്മവിശ്വാസം നല്‍കിയത് ഒരു പക്ഷെ പിടിയുടെ അദൃശ്യമായ സാനിധ്യമായിരിക്കാം.