മുന്‍മന്ത്രിക്ക് പഞ്ചായത്ത് ഭൂമി: തീരുമാനം റദ്ദാക്കി

മുന്‍മന്ത്രിക്ക് പഞ്ചായത്ത് ഭൂമി: തീരുമാനം റദ്ദാക്കി

തൊടുപുഴ : പഞ്ചായത്ത് ഭൂമി മുന്‍ മന്ത്രിക്ക് വിട്ടുനല്‍കാനുള്ള തീരുമാനം റദ്ദാക്കി. അടിമാലി പഞ്ചായത്തിന്റെ കൈവശമുള്ള 18 സെന്‌റ് ഭൂമിയാണ്  മുന്‍മന്ത്രി ടി യു കുരുവിളക്ക് വിട്ടു നല്‍കാന്‍ ഇടത് ഭരണസമിതി തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡ് യോഗമാണ് തീരുമാനം റദ്ദാക്കിയത്. സംഭവം വിവാദമായതോടെ ബോര്‍ഡ് യോഗത്തില്‍ ഇടതംഗങ്ങളും റദ്ദാക്കുന്നതിനെ പിന്തുണച്ചു.
അടിമാലി പഞ്ചായത്ത് ഓഫീസ് നില്‍ക്കുന്ന ഒന്നരയേക്കര്‍ സ്ഥലം വിലക്ക് നല്‍കിയത് മുന്‍ മന്ത്രി ടിയു കുരുവിളയാണ്. 1988 ല്‍ ഈ ഭൂമി വിലക്ക് നല്‍കുമ്പോള്‍ 18.5 സെന്റ് സ്ഥലം പഞ്ചായത്ത് അധികമായി കൈവശപെടുത്തിയെന്നാണ് കുരുവിളയുടെ ആരോപണം. അധികമായി കൈവശപെടുത്തിയ ഭൂമി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് 2019 തില്‍ പഞ്ചായത്തിനെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇടത് ഭരണസമിതിയാണ് തീരുമാനമെടുത്തത്. ഭൂമി വിട്ടുകൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ അവിശ്വാസത്തിലൂടെ ഇടത് ഭരണസമിതിയെ അട്ടിമറിച്ച് യുഡിഎഫ് അധികാരത്തിലെത്തിയപ്പോഴാണ് ഈ തീരുമാനം പുറത്തറിയുന്നത്. പഞ്ചായത്തംഗങ്ങളുടെ യോഗം തീരുമാനം റദ്ദാക്കി. റദ്ദാക്കാനുള്ള തീരുമാനത്തെ ഇടതുമുന്നണി എതിര്‍ത്തില്ല.