തൃക്കാക്കരയില്‍ വോട്ട് ചെയ്ത് 'എല്‍ഡിഫിനെ തള്ളി' രഞ്ജി പണിക്കര്‍. 

തൃക്കാക്കരയില്‍ വോട്ട് ചെയ്ത് 'എല്‍ഡിഫിനെ തള്ളി' രഞ്ജി പണിക്കര്‍. 

കൊച്ചി: പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന  തൃക്കാക്കരയില്‍ പോളിംഗ് പുരോഗമിക്കുകയാണ്. മണ്ഡലത്തിലെ വോട്ടറായ നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ കടവന്ത്രയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. സര്‍ക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. 'എല്ലാവര്‍ഷവും വോട്ട് ചെയ്യാറുണ്ട്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കൃത്യമായ ധാരണയോടെയാണ് എല്ലാവര്‍ഷവും ബൂത്തിലേക്കെത്താറുള്ളത്. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഭരിക്കുന്ന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതകളുള്ള നിര്‍ണായകമായ തെരഞ്ഞെടുപ്പല്ല . എന്നാല്‍ അതേ സമയം, രാഷ്ട്രീയ കാരണങ്ങളാല്‍ നിര്‍ണായകമാണ്. ഒരു വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പ് അന്തരീക്ഷമല്ല ഇപ്പോഴുളളത്'. നിലവില്‍ കേരളത്തില്‍ കലുഷിതമാകുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ടെന്ന് സാധാരണക്കാര്‍ക്കും വ്യക്തമാകുമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെ വിലയിരുത്തുന്നതാകില്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഇതിനെ തള്ളികളയുന്നതാണ് രഞ്ജി പണിക്കരുടെ പരാമര്‍ശം.