കഴിവില്ലെങ്കില്‍ രാജിവയ്ക്കു; മന്ത്രിയോട് സിപിഎം

കഴിവില്ലെങ്കില്‍ രാജിവയ്ക്കു; മന്ത്രിയോട് സിപിഎം

മന്ത്രിമാര്‍ക്കെതിരായ സിപിഐഎം സംസ്ഥാന സമിതി വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടപടികളുമായി സിപിഐഎം. സര്‍ക്കാരിന്റെ പ്രതിച്ഛായയും മന്ത്രിമാരുടെ ഓഫിസിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും യോഗം വിളിക്കും. ഓഫിസ് പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെരുമാറ്റം മന്ത്രിമാരുടെ പ്രവര്‍ത്തനത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിക്കുന്നത്. 21 മന്ത്രിമാരില്‍ 17 പേരും പുതുമുഖങ്ങളാണ്. മുഖ്യമന്ത്രി ഒഴിച്ചുള്ള സിപിഐഎം മന്ത്രിമാരും സിപിഐയുടെ നാലു മന്ത്രിമാരും കന്നിക്കാര്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനാണ് ഏറ്റവും അധികം വിമര്‍ശനങ്ങള്‍ നേരിട്ടത്. വകുപ്പിന്റെ പരാജയത്തിന് ഉത്തരവദികള്‍ മന്ത്രിയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമാണെന്നും ഭരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാറി നില്‍ക്കണമെന്ന് വിമര്‍ശനവും യോഗത്തിലുണ്ടായതായാണ് വിവരം.