ഡല്‍ഹിയില്‍ സഞ്ചരിക്കാന്‍ പ്രത്യേക വാഹനം; പിണറായി പണം പൊടിപൊടിക്കുന്നു

ഡല്‍ഹിയില്‍ സഞ്ചരിക്കാന്‍ പ്രത്യേക വാഹനം; പിണറായി പണം പൊടിപൊടിക്കുന്നു



തിരുവനന്തപുരം: കടുത്ത സാമ്പത്തിക ബാധ്യതയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ പുത്തന്‍ വാഹനം വാങ്ങുവാനുള്ള തീരുമാനമുണ്ടായതും. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളുണ്ടായെങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോയില്ല. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ സഞ്ചരിക്കാന്‍ വേണ്ടി മാത്രം പിണറായി വിജയന് പുതിയ ഇന്നോവക്രിസ്റ്റ വാങ്ങി നല്‍കുകയാണ്. കേരളത്തില്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി കിയ കാര്‍ണിവലും  എസ്‌കോര്‍ട്ടിനായി മൂന്ന് ഇന്നോവ ക്രിസ്റ്റകള്‍ വാങ്ങാനുമായിരുന്നു അന്ന് സര്‍ക്കാര്‍ തീരുമാനം.  രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വെള്ള ഇന്നോവ ക്രിസ്റ്റയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം. എന്നാല്‍ വൈകാതെ തന്നെ സുരക്ഷാ കാരണത്താല്‍ അത് മാറ്റി പകരം കറുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാങ്ങി. പിന്നീടതും മാറ്റി കിയ കാര്‍ണിവല്‍ വാങ്ങാന്‍ ഉത്തരവിറക്കി. നാല് വാഹനങ്ങള്‍ക്കായി 89 ലക്ഷം രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഉത്തരവ് ഇറങ്ങിയത്. കിയ കാര്‍ണിവല്‍ മുഖ്യമന്ത്രിയുടെ ഉപയോഗത്തിന്. ബാക്കി മൂന്ന് കാറുകള്‍ സുരക്ഷയ്ക്ക്. ഇതിനെല്ലാം പുറമെയാണ് വല്ലപ്പോഴും പോകുന്ന ദില്ലി യാത്രയില്‍ ഉപയോഗിക്കാന്‍ പുതുപുത്തന്‍ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നത്.