വടകരയിലെ കസ്റ്റഡി മരണത്തിൽ മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട് വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവന്‍ (42) കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ മൂന്നു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.
വടകര പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. നിജീഷ്, എ.എസ്.ഐ. അരുണ്‍, സി.പി.ഒ. ഗിരീഷ് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. രാഹുല്‍ ആര്‍. നായര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇവരുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ടാ തെറ്റ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
വാഹനാപകടക്കേസില്‍ വ്യാഴാഴ്ച രാത്രിയാണ് സജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വടകര തെരുവത്ത് വെച്ച് രണ്ട് കാറുകള്‍ തമ്മില്‍ അപകടം ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ ബഹളമുണ്ടായി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരില്‍, ഇതില്‍ ഒരു കാറില്‍ ഉണ്ടായിരുന്ന സജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മദ്യപിച്ചെന്ന പേരില്‍ മര്‍ദിച്ചെന്നും സജീവന്‍ സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി 11.30 ഓടെയാണ് സംഭവം.