പൾസർ സുനിയെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ജയിലിലേക്ക് മാറ്റി
കഴിഞ്ഞ മൂന്ന് ദിവസമായി തൃശ്ശൂരിലെ സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ ജയിലിലേക്ക് മാറ്റി. ഇയാൾ റിമാന്റ് തടവിൽ കഴിഞ്ഞിരുന്ന കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലിലേക്കാണ് മാറ്റിയത്.
മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പൾസർ സുനിയെ കാണണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇന്ന് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം വിചാരണ കോടതി തള്ളി. ചികിത്സയിലുള്ള പ്രതിയെ കാണാനാകില്ലെന്ന ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ആവശ്യം തള്ളിയത്. ആശുപത്രിയിൽ വെച്ചോ കോടതിയിൽ ഹാജരാക്കിയോ കൂടിക്കാഴ്ച വേണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.
നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അങ്കമാലി മാജിസ്‌ട്രേറ്റ് അവധിയായതിനാൽ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയെ കുറ്റപത്രം കാണിച്ച ശേഷമാണ് ഇത് അങ്കമാലി കോടതിയിൽ സമർപ്പിച്ചത്.
ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങൾക്കും ഒടുവിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി അനുബന്ധ കുറ്റപത്രം നൽകുന്നത്. തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ള കുറ്റപത്രത്തിൽ 102 പുതിയ സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. ദിലീപിന്‍റെ സുഹൃത്ത് ശരത് മാത്രമാണ് തുടരന്വേഷണത്തിൽ പ്രതിപട്ടികയിൽ വന്ന ഏക പ്രതി.