താരസംഘടനയില്‍ അടിപ്പൊട്ടി; മോഹന്‍ലാലിനെതിരെ ഗണേഷ് കുമാര്‍ 

താരസംഘടനയില്‍ അടിപ്പൊട്ടി; മോഹന്‍ലാലിനെതിരെ ഗണേഷ് കുമാര്‍ 

താരസംഘടന 'അമ്മ' ക്ലബ്ബ് എന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്‌ക്കെതിരെ നടനും പത്തനാപുരം എംഎല്‍എയുമായ കെ.ബി.ഗണേശ് കുമാര്‍. 'അമ്മ' ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ മോഹന്‍ലാല്‍ അക്കാര്യം വ്യക്തമാക്കട്ടെ എന്നും കെ.ബി.ഗണേശ് കുമാര്‍ പറഞ്ഞു. അമ്മ ക്ലബ്ബ് എന്ന തരത്തില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേശ് ആവശ്യപ്പെട്ടു. അമ്മ ക്ലബ്ബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംഘടനയില്‍ നിന്ന് രാജി വയ്ക്കുമെന്നും ഗണേശ് കുമാര്‍ പറഞ്ഞു. മറ്റ് ക്ലബ്ബുകളില്‍ ചീട്ടുകളിയും, ബാറും ഒക്കെ ആണ്. അതുപോലെയാണോ 'അമ്മ' എന്നും ഗണേശ് ചോദിച്ചു. ക്ലബ്ബ് പരാമര്‍ശത്തില്‍ മേഹന്‍ലാലിന് കത്തെഴുതും. വിജയ് ബാബുവിനെതിരെ അതിജീവിത പറയുന്ന കാര്യം 'അമ്മ' ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ മറുപടി നല്‍കണം. വിഷയത്തെ ആദ്യം നിസ്സാരവല്‍ക്കരിച്ചു. എന്നാല്‍ കുട്ടി പറയുന്നതില്‍ സത്യമുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും കെ.ബി.ഗണേശ്കുമാര്‍ പറഞ്ഞു. ദിലീപിന്റെ മാതൃക പിന്തുടര്‍ന്ന് വിജയ് ബാബു രാജി വയ്ക്കണം. ആരോപണവിധേയന്‍ ഗള്‍ഫിലേക്ക് കടന്നപ്പോള്‍ ഇടവേള ബാബു ഒപ്പം ഉണ്ടായിരുന്നു എന്ന ഒരു ആരോപണം ഉണ്ടെന്നും ഗണേശ് പറഞ്ഞു. ഹൈക്കാടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനപ്പുറം സമിതി എന്തിന് രൂപീകരിച്ചുവെന്നതിന് ജനറല്‍ സെക്രട്ടറി മറുപടി പറയണമെന്നും മാലാ പാര്‍വതിയും ശ്വേതാ മേനോനും എന്തിന് രാജി വച്ചു എന്നും ഗണേശ്കുമാര്‍ ചോദിച്ചു. കഴിഞ്ഞ ദിവസം ജനറല്‍ ബോഡി തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു 'അമ്മ' ക്ലബ് ആണെന്ന് വ്യക്തമാക്കിയത്. വിജയ് ബാബുവിനെ പുറത്താക്കത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ0ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു.