ഉമയുടെ ചരിത്രവിജയം; കോണ്‍ഗ്രസ് പ്രവാസി ലോകത്തിന് അഭിമാന നിമിഷം

ഉമയുടെ ചരിത്രവിജയം; കോണ്‍ഗ്രസ് പ്രവാസി ലോകത്തിന് അഭിമാന നിമിഷം

കൊച്ചി: തൃക്കാക്കരയില്‍ എല്‍ഡിഎഫിനെ തൂത്തെറിഞ്ഞ് യുഡിഎഫ് ചരിത്ര വിജയം കൊയ്തതിന്റെ സന്തോഷത്തിലാണ് പ്രവാസിലോകവും. മുമ്പെങ്ങുമില്ലാത്ത വിധം പ്രവാസികള്‍ കാഴ്ച്ചവച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തന മികവിന് കൂടിയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി പറഞ്ഞത്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ കേരളത്തില്‍ പറന്നിറങ്ങി നേതാക്കന്മാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് വോട്ട് ചെയ്ത് തിരികെ പറക്കുന്ന പ്രവാസി പ്രവര്‍ത്തന രീതിയ്ക്ക്കൂടിയാണ് തൃക്കാക്കരയില്‍
മാറ്റമുണ്ടായത്. തൃക്കാക്കര ഇലക്ഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിന് വോട്ട് തേടി നിരവധി പ്രവാസികളാണ് കേരളത്തിലേയ്ക്ക് എത്തിയത്. വിവിധ ജില്ലകളില്‍ താമസമാക്കിയവര്‍ ഉമ തോമസിന് വോട്ട് തേടി മാത്രം ദിവസങ്ങളോളമാണ് തൃക്കാക്കരയില്‍ പ്രവര്‍ത്തിച്ചത്. 

ഉമാ തോമസിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവാസികള്‍ വോട്ട് തേടുന്നു.

ഒരു പ്രവാസി സംഘത്തെ നയിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അജിത് കുമാര്‍ കണ്ണൂരാണ്. ദുബായിയിലെ തിരക്കുപിടിച്ച പ്രവാസി ജീവിതത്തിനിടയില്‍ ഉമ തോമസിന് വോട്ട് തേടുവാനാണ് അജിത്കുമാര്‍ എത്തിയത്. ഇതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന പ്രവാസികളെ ഏകോപിപ്പിച്ച് തൃക്കാക്കരയില്‍ സജീവമായി പ്രവര്‍ത്തിക്കുവാനും അജിത് കുമാര്‍ മുമ്പിലുണ്ടായിരുന്നു. രണ്ട് ബസുകളിലായി അജിത്കുമാറിന്റെ നേതൃത്വത്തില്‍ 60ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രവാസികളാണ് മണ്ഡലത്തിലെത്തിയത്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ആയിരത്തിലേറെ വീടുകളില്‍ നേരിട്ടെത്തി ഉമ തോമസിനായി വോട്ട് പിടിക്കാന്‍ അവര്‍ക്കായി. '' മണ്ഡലത്തില്‍ ഉമ തോമസ് ജയിക്കുമെന്ന് ഉറപ്പായിരുന്നു..വലിയ ഭൂരിപക്ഷം കിട്ടിയതില്‍ പ്രവാസികളായ യുഡിഎഫ് -കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ സന്തോഷത്തിലാണ്...വിജയത്തിന്റെ ഭാഗമാകുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്''- അജിത് കുമാര്‍ പറഞ്ഞു. ഇത്തരം ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ രാജ്യത്ത് പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് അതിശക്തമായി തന്നെ തിരിച്ചുവരാന്‍ സാധിക്കുമെന്നും പ്രവാസികള്‍ ഒരേ സ്വരത്തില്‍ പറയുന്നു.