വാഹനം ഉപയോഗിച്ചുള്ള കുറ്റകൃത്യം: പെർമിറ്റും ലൈസൻസും റദ്ദാക്കും
പരിശോധന കർശനമാക്കുമെന്നും ഗതാഗതമന്ത്രി
മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് മാത്രമല്ല, ഇനിമുതൽ മറ്റു കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും, സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗവും ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നതും സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി മോട്ടോൽ വാഹന നിയമപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്നു മാസം സ്പെഷൽ ഡ്രൈവുകൾ സംഘടിപ്പിക്കും. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഇതിനായി വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം വ്യാപകമായി പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇപ്പോൾ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾക്ക് പകരം എലഗന്റ് കാർഡുകൾ അടുത്ത മാസം മുതൽ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.