പി.എഫ്.ഐയെ ഉള്ളതിനേക്കാളും പെരുപ്പിച്ച് ഭൂരിപക്ഷസമുദായം അപകടത്തിലാണെന്ന് വരുത്താന്‍ ശ്രമം: എം.എ. ബേബി
ഭൂരിപക്ഷമതതീവ്രവാദ സംഘടനയായ ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു മുസ്‌ലിം സംഘടനയെ നിരോധിക്കുന്നത് വിരോധാഭാസമാണെന്ന് മാത്രമല്ല അവരുടെ വര്‍ഗീയ രാഷ്ട്രീയലക്ഷ്യം സാധിക്കാനുള്ള നടപടിയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിലൂടെ ഇന്ത്യയില്‍ ന്യൂനപക്ഷ വര്‍ഗീയതയെയോ അതിലെ അക്രമകാരികളെയോ ഇല്ലാതാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദവീക്ഷണങ്ങള്‍ പുലര്‍ത്തുകയും എതിരാളികള്‍ക്കെതിരെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു സംഘടനയാണ്. ഈ തീവ്രവാദ വീക്ഷണങ്ങളെ സി.പി.ഐ.എം ശക്തമായി എതിര്‍ക്കുകയും പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമപ്രവര്‍ത്തനങ്ങളെ എന്നും അപലപിക്കുകയും ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണങ്ങള്‍ക്ക് ഏറ്റവുമധികം ഇരയായിട്ടുള്ളതും സി.പി.ഐ.എം ആണ്. കേരളത്തിന് വെളിയില്‍ പോലും കാമ്പസ് ഫ്രണ്ട് പോലെയുള്ള പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്ക് മുഖ്യശത്രു എസ്.എഫ്.ഐ ആയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധപ്രത്യയശാസ്ത്രത്തിന് സ്വാധീനം ഉണ്ടാക്കാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്‌തെന്നും എം.എ. ബേബി പറഞ്ഞു.
എന്നിരുന്നാലും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന് (യു.എ.പി.എ) കീഴിലുള്ള നിയമവിരുദ്ധ സംഘടനയായി പി.എഫ്.ഐയെ വിജ്ഞാപനം ചെയ്യുന്നത് ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗമല്ല. ആര്‍.എസ്.എസ്, മാവോയിസ്റ്റ് തുടങ്ങിയ സംഘടനകളുടെ നിരോധനം ഫലപ്രദമല്ലെന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നു. നിയമവിരുദ്ധമോ അക്രമാസക്തമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴെല്ലാം പി.എഫ്.ഐക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കര്‍ശനമായ ഭരണപരമായ നടപടിയുണ്ടാകണം. അതിന്റെ വിഭാഗീയവും ഭിന്നിപ്പിക്കുന്നതുമായ പ്രത്യയശാസ്ത്രം തുറന്നുകാട്ടുകയും ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായി പോരാടുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.