ഇ-പാൻ കാർഡ് ഡൗൺലോഡ് ലിങ്കുകളോട് ജാഗ്രത; വൻ ഫിഷിങ് തട്ടിപ്പുമായി സൈബർ സംഘങ്ങൾ, മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
Beware of e-PAN Card Download Links: Central Government Warns of Major Phishing Scam by Cyber Gangs
ന്യൂഡൽഹി: ഇ-പാൻ കാർഡുകൾ (e-PAN Card) ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് പൊതുജനങ്ങൾക്ക് ലഭിക്കുന്ന ഇമെയിലുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഔദ്യോഗിക ഫാക്ട് ചെക്ക് വിഭാഗമാണ് ഈ വൻ സൈബർ തട്ടിപ്പിനെക്കുറിച്ച് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് രേഖകളും തട്ടിയെടുക്കുക ലക്ഷ്യമിട്ടുള്ള 'ഫിഷിങ്' (Phishing) കെണിയാണിതെന്ന് സർക്കാർ വ്യക്തമാക്കി.
വ്യാജ സന്ദേശങ്ങളിലെ ലിങ്കുകളിലൂടെയോ കോളുകളിലൂടെയോ സാമ്പത്തിക-വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്ന് പി.ഐ.ബി കർശനമായി ആവശ്യപ്പെടുന്നു.
തട്ടിപ്പിന്റെ രീതി ഇങ്ങനെ:
"ഡൗൺലോഡ് ഇ-പാൻ കാർഡ് ഓൺലൈൻ: ഒരു സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് ഗൈഡ്" (Download e-PAN Card Online: A Step-by-Step Guide) എന്ന സബ്ജക്ട് ലൈനോടെയാണ് തട്ടിപ്പ് ഇമെയിലുകൾ വരുന്നത്. ആദായനികുതി വകുപ്പ് നൽകുന്ന ഔദ്യോഗിക ഇമെയിൽ എന്ന വ്യാജേനയാണ് ഇവ അയക്കുന്നത്.
ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലളിതമായ വഴികൾ എന്ന രീതിയിൽ ഇതിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ നിർണായക വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും. ഈ വ്യാജ ഇമെയിലിന്റെ സ്ക്രീൻഷോട്ട് പുറത്തുവിട്ട പി.ഐ.ബി, അതിൽ വലിയ അക്ഷരത്തിൽ "ഫേക്ക്" (FAKE) എന്ന് രേഖപ്പെടുത്തിയാണ് ജനങ്ങളെ ബോധവൽക്കരിക്കുന്നത്.
ഓർക്കുക: ആദായനികുതി വകുപ്പ് ഒരിക്കലും നിങ്ങളുടെ പാൻ വിവരങ്ങളോ ബാങ്ക് ഒ.ടി.പി (OTP) അടക്കമുള്ള രഹസ്യ വിവരങ്ങളോ ഇമെയിൽ വഴിയോ എസ്.എം.എസ് വഴിയോ ആവശ്യപ്പെടാറില്ല.
പാൻ കാർഡ് സുരക്ഷ പ്രധാനം
ഇന്ത്യൻ ആദായനികുതി വകുപ്പ് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് പത്ത് അക്കങ്ങളുള്ള ആൽഫ-ന്യൂമെറിക് (Alpha-numeric) കോടായ പെർമനന്റ് അക്കൗണ്ട് നമ്പർ (PAN). ആദ്യത്തെ അഞ്ച് അക്ഷരങ്ങളും, പിന്നാലെ നാല് അക്കങ്ങളും, അവസാനമായി ഒരു അക്ഷരവും അടങ്ങുന്നതാണ് പാൻ കാർഡ് ഘടന. എല്ലാവിധ സാമ്പത്തിക ഇടപാടുകൾക്കും അത്യന്താപേക്ഷിതമായ ഈ രേഖയുടെ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കുന്നത് സാമ്പത്തിക നഷ്ടങ്ങൾക്ക് കാരണമാകും.
അതിനാൽ, ഔദ്യോഗിക വെബ്സൈറ്റുകൾ (Income Tax Portal) വഴി മാത്രം പാൻ കാർഡ് സംബന്ധമായ ഇടപാടുകൾ നടത്തുക. സംശയസ്പദമായ ലിങ്കുകൾ കാണുകയോ ഇമെയിലുകൾ ലഭിക്കുകയോ ചെയ്താൽ ഉടൻ തന്നെ സൈബർ സെല്ലിൽ വിവരമറിയിക്കുക.