അവസാന 15 മിനിറ്റിലെ മിശിഹാ-മന്ത്രം! ഇതെന്ത്! ആമയും മുയലും ഓട്ടമത്സരം നടത്തിയ കഥയോ?
80 Minutes of Silence, 15 Minutes of Messiah Magic! Is This the Ultimate Tortoise and Hare Story? argenitna enter to world cup 2026 final
ഓരോ മത്സരം കഴിയുമ്പോഴും 'അടുത്ത കളിയിൽ ഇവർ വീഴും' ഇതെന്തൂട്ട് തട്ടിക്കൂട്ട് കളിയാണ് ? വമ്പൻ ടീമുകളോട് കളിച്ചാൽ 'അര'കളുടെ പണി തീരും എന്ന് പറഞ്ഞവരെല്ലാം എവിടെയാണ്? ഇതാണ് അർജന്റീന...

ഫസ്റ്റ് ഹാഫ് മുതൽ ഓടിപ്പാഞ്ഞ് എണ്ണയിട്ട യന്ത്രം പോലെ കളിക്കാനൊന്നും വയ്യ, ആദ്യം ഗോളടിച്ച് കളി തുടക്കത്തിലേ വരുതിയിലാക്കുന്ന പരിപാടിയും ഇവിടെയില്ല. കളിക്കും, സെക്കൻ്റ് ഹാഫൊക്കെ തീരാറായി, വേട്ട നിർത്തി എതിരാളികൾ മയക്കത്തിലേക്ക് നീങ്ങുന്ന സമയം മനസ്സിലാക്കി ഒരൊന്നൊന്നര കളി !
യാ ! മോനേ! മാസ് മസാല ത്രില്ലർ സിനിമകളിലെപ്പോലെ ഒരു തിരിച്ചുവരവ്, അഴിഞ്ഞാട്ടം, തുരുതുരാ ഗോൾ! എതിരാളികളുടെ കഥ കഴിഞ്ഞു, ഒരു കളി കൂടി തൂക്കി... ഇനി മെസ്സിക്കും പടയാളികൾക്കും കപ്പിലേക്ക് ദൂരം ഒരു കളി മാത്രം അകലെ!

ലോകകപ്പ് തുടങ്ങും മുമ്പ് ഒരു പാട്ട് കേരളക്കരയിൽ വൈറലായിരുന്നു. " അർജൻ്റീന, അർജൻ്റീന, ടീന, ടീന, വേൾഡ് കപ്പ്, വേൾഡ് കപ്പ്, മെസ്സി, മെസ്സി, മെസ്സി ...... എന്നിങ്ങനെ വരികളുള്ള " ആഹാ! വയലാർ എഴുതുമോ ഇത്തരം വരികൾ" എന്ന് തോന്നിപ്പിച്ച, അന്ന് കേട്ടപ്പോൾ അരോചകമെന്ന് മനസിലുറപ്പിച്ച ആ വരികൾ " ദാ ഇപ്പോ അർജൻ്റീന ഫൈനലിലേക്ക് വഴി വെട്ടിക്കയറി വന്ന നിമിഷത്തിലിരുന്ന് കേൾക്കുമ്പോ ഒരു നിർവൃതിയൊക്കെ തോന്നുന്നുണ്ട് പലർക്കും. " സോറി! കടുത്ത ബ്രസീൽ ഫാൻസുകാരുടെയും 'സാമ്പാർ' വിരുദ്ധ ബ്രാച്ചുഗൽ, ബ്രംഗ്ലണ്ട്, ബ്രപെയിൻ മുന്നണിക്കാരുടെയും മുന്നിലൂടെ ഈ പാട്ടൊന്നും പ്ലേ ചെയ്തു നടക്കാതിരിക്കുക!"

ഫുട്ബോൾ ചിലപ്പോൾ ഒരു കളിയല്ല; അതൊരു മനഃശാസ്ത്ര യുദ്ധമാണ്. ആ യുദ്ധത്തിൽ ഏറ്റവും അപകടകാരിയായ സൈന്യമായി മാറിയിരിക്കുകയാണ് സെമിയിലെ അവസാന 15 മിനിറ്റ് കളിയിലൂടെ അർജന്റീന. ആദ്യം ഗോളടിച്ചതു കൊണ്ട് കളി ജയിക്കില്ലെന്ന് അവർ വീണ്ടും വീണ്ടും എതിരാളികളെ അറിയിച്ചു കൊണ്ടിരിക്കുകയാണ്. സെമിയിൽ മെസ്സിയെയും പിള്ളേരെയും ഉറക്കിക്കിടത്താൻ വന്നവർ ആദ്യ 80 മിനിറ്റിൽ അത് ഗംഭീരമായി ചെയ്തു.
തുടർ മിനിറ്റുകളിൽ പഴയ ആമയും മുയലും കഥ പോലെയൊരു തിരക്കഥയായിരുന്നു അറ്റ്ലാൻ്റയിലെ പതിനായിരക്കണക്കിനും ലോകമെങ്ങുമുള്ള കോടിക്കണക്കിന് കാണികളും ശ്വാസമടക്കിപ്പിടിച്ച് കണ്ടുതീർത്തത്. ലീഡിൻ്റെ ബലത്തിൽ കടിച്ചു തൂങ്ങി ചുളുവിൽ ഫൈനൽ പിടിക്കാമെന്ന് കരുതി ഇംഗ്ലണ്ടെന്ന വൻമരം പുരാണത്തിലെ കുംഭകർണനെപ്പോലെ പ്രതിരോധത്തിൽ നങ്കൂരമിട്ട് "ഉറക്കം" പിടിച്ചപ്പോൾ മറുവശത്ത് സാക്ഷാൽ മിശിഹാ ഉറക്കം വിട്ട് ഉഷാറായി ഫുൾ ചാർജ്ജിൽ നൃത്തമാടാൻ തുടങ്ങുകയായിരുന്നുവെന്ന കാര്യം ഇംഗ്ലീഷുകാർക്ക് മനസ്സിലായതേയില്ല.

അവരുടെ പുതിയ തന്ത്രം അതിശയിപ്പിക്കുന്നതാണ്. ആദ്യ 80 മിനിറ്റ് എതിരാളികൾക്ക് പ്രതീക്ഷ നൽകുക. പന്ത് കൈവശം വെക്കാൻ അനുവദിക്കുക. ഗ്യാലറിയിൽ ആവേശം നിറയട്ടെ. "ഇത്തവണ അർജന്റീന തീർന്നു" എന്ന വിശ്വാസം എതിരാളികളുടെ മനസ്സിൽ ഉറപ്പിക്കട്ടെ. എന്നാൽ കളി തീരാൻ പത്ത് മുതൽ 15 മിനിറ്റ് വരെ മാത്രം ബാക്കിയാകുമ്പോൾ, സിനിമയിലെ ക്ലൈമാക്സ് പോലെ വേദിയിലേക്ക് കടന്നുവരും ഒരു മനുഷ്യൻ. അവന്റെ പേര് ലയണൽ മെസ്സി. കട്ടക്ക് സപ്പോർട്ടുമായി ശിഷ്യൻമാരും .
പിന്നെ സംഭവിക്കുന്നത് ഫുട്ബോൾ മാത്രമല്ല, ഒരു മായാജാലമാണ്.
മിനിറ്റുകൾക്കുള്ളിൽ കളിയുടെ കഥ മാറും. എതിരാളികളുടെ പ്രതിരോധം തകർന്നുവീഴും. ഒരു പാസ്... മറ്റൊരു അസിസ്റ്റ്... ഒരു ഗോൾ... ഒടുവിൽ വിസിൽ മുഴങ്ങുമ്പോൾ വിജയഗാനം അർജന്റീനയുടേത്.
നോക്കാട്ട് മുതലുള്ള അർജന്റീനയുടെ ഇമ്മാതിരി കളി കാണുമ്പോൾ ഒരു സിനിമയിലെ ഡയലോഗ് ഓർമ്മ വരും.
"കൊല്ലാൻ വന്നാൽ കൊന്നിട്ട് കുഴിച്ചുമൂടി അവിടെ ഒരു തെങ്ങും വെച്ചിട്ട് പോകണം... ഇല്ലെങ്കിൽ ഞങ്ങൾ തിരിച്ചു വരും."
അതാണ് ഈ ടീമിന്റെ സ്വഭാവം. ഒരു നിമിഷം പോലും അവർ അവസാനിച്ചെന്ന് കരുതാൻ പാടില്ല. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിന്റെ സ്വപ്നങ്ങൾ അവസാനിപ്പിച്ച അവർ, സെമിയിൽ ഇംഗ്ലണ്ടിനെയും അവസാന നിമിഷങ്ങളിൽ വീഴ്ത്തി. ഇനി ഫൈനലിൽ കാത്തിരിക്കുന്നത് പവർഫുൾ ടിക്കി ടാക്കയുമായി നിറയുന്ന സ്പെയിൻ.
മത്സരത്തിന്റെ വലിയൊരു ഭാഗവും അർജന്റീന താളം കണ്ടെത്താതെ അലഞ്ഞുതിരിയുന്നതുപോലെയാണ് തോന്നിയത്. പന്ത് കൈവശമുണ്ടെങ്കിലും അവസാന ടച്ചിൽ പിഴവ്. ആക്രമണങ്ങൾ പൂർത്തിയാകാതെ പോകുന്നു. അപ്പോഴേക്കും എതിരാളികൾ ആത്മവിശ്വാസത്തോടെ പന്തുമായി മുന്നേറുന്നു. ഗോളി എമിയാനോ മാർട്ടിനെസിനെ നിരന്തരം പരീക്ഷിച്ചു കൊണ്ടേയിരിക്കുന്ന ഇംഗ്ലീഷ് സ്ട്രൈക്കർമാർ. മുനയുള്ള ഒരു നീക്കവും നടത്താതെ മടുപ്പിക്കുന്ന വിഖ്യാത മുൻനിര. ഫസ്റ്റ് ഹാഫ് തീർന്നപ്പോൾ ഇംഗ്ലണ്ടിനേക്കാൾ സന്തോഷിച്ച് കൂകി വിളിക്കുന്ന എതിർ ഫാൻസുകാർ. മൊത്തത്തിൽ അപമാനം.
പക്ഷേ അവർ ഒരു കാര്യം മറന്നു...
മെസ്സി ഇപ്പോഴും ഗ്രൗണ്ടിലുണ്ട്.
ഒരു നിമിഷം മതിയാകും. ഒരു പാസ് മതി. ഒരു കാഴ്ചപ്പാട് മതി. കളിയുടെ തിരക്കഥ മുഴുവൻ മാറാൻ.
കളി അധികസമയത്തേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ആ നിമിഷം പിറന്നത്. പ്രായം 39-ൽ എത്തി നിൽക്കുമ്പോഴും കളിക്കളത്തിലെ ആയുസ്സിന്റെ മുഴുവൻ അനുഭവസമ്പത്തും ആവാഹിച്ച് ലയണൽ മെസ്സി വീണ്ടുമൊരു അവതാരമായി. ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ, പ്രതിരോധ നിരയെ കീറിമുറിച്ചുകൊണ്ട് മെസ്സി ബോക്സിലേക്ക് നൽകിയ ആ മാരകമായ ക്രോസ്സ്. ഇംഗ്ലീഷ് ആരാധകരുടെ ഹൃദയം സ്തംഭിച്ച ആ നിമിഷത്തിൽ, പകരക്കാരനായി വന്ന ലൗട്ടാരോ മാർട്ടിനസ് വായുവിൽ ഉയർന്നു ചാടി പന്തിനെ തലകൊണ്ട് വലയിലേക്ക് വഴിതിരിച്ചു വിട്ടു. അതുവരെ നിശബ്ദമായിരുന്ന സ്റ്റേഡിയത്തിന്റെ ഒരു ഭാഗം നീലയും വെള്ളയും കടലായി മാറി. ഇംഗ്ലണ്ട് കളിക്കാരുടെ മുഖത്ത് അവിശ്വസനീയതയും കണ്ണീരും പടർന്നു. ഫ്രാൻസിനെ തോൽപ്പിച്ച് ഫൈനലിൽ കയറിയ സ്പെയിനിനെ നേരിടാൻ, അർജന്റീന വീണ്ടുമൊരു ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നു.

ഇംഗ്ലീഷുകാരിൽ വീണ്ടും നിരാശയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, അർജന്റീന തങ്ങളുടെ ആറാം ലോകകപ്പ് സെമിഫൈനലിലും തോൽവി അറിയാതെ, കിരീടത്തിലേക്ക് ഒരു പടികൂടി അടുത്ത് നിൽക്കുന്നു. മെസ്സി എന്ന മാന്ത്രികൻ തന്റെ അവസാന 11 ലോകകപ്പ് മത്സരങ്ങളിലും ഗോളോ അസിസ്റ്റോ നേടി റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് ഫുട്ബോളിന്റെ അമരത്തുതന്നെ തുടരുന്നു.
ഈ ടൂർണമെന്റിൽ അവസാന പത്ത് മിനിറ്റ് അർജന്റീനയുടെ സ്വകാര്യ സാമ്രാജ്യമായി മാറിയിരിക്കുകയാണ്. ആ സമയത്ത് അവർ കളിക്കുന്നത് ഫുട്ബോൾ അല്ല; എതിരാളികളുടെ ആത്മവിശ്വാസത്തോട് കലഹിക്കുകയാണ് ചെയ്യുന്നത്.

2022-ൽ ലോകകപ്പ് ഉയർത്തിയിടത്ത് നിന് കഥ അവസാനിച്ചിട്ടില്ല എന്ന വിളംബരവുമായി എതിരാളികളെ അസൂയപ്പെടുത്തി വീണ്ടുമൊരു ഡ്രീം ഫൈനലിലേക്ക്. അന്നത്തെ വിജയത്തിന്റെ വിശപ്പ് ഇന്നും അതേപോലെയാണ്. പുതിയ തലമുറയെയും കൂട്ടി വീണ്ടും ഒരു കിരീടവേട്ട. മെസ്സിയുടെ അവസാന അധ്യായങ്ങൾ ചരിത്രത്തിന്റെ പൊൻതാളുകളിലേക്ക് എഴുതപ്പെടുകയാണ്.
സെമിക്ക് മുമ്പ് എല്ലാവരും പറഞ്ഞു...
"മെസ്സി ആദ്യമായിട്ടാണ് ഇംഗ്ലണ്ടിനെ നേരിടുന്നത്."
പക്ഷേ മറ്റൊരു വശം ആരും പറഞ്ഞില്ല.
"ഇംഗ്ലണ്ട് ആദ്യമായിട്ടാണ് ഈ രൂപത്തിലുള്ള മെസ്സിയെ നേരിടുന്നത്."
80 മിനിറ്റ് പിന്നിട്ട ശേഷം എന്താണ് സംഭവിച്ചതെന്ന് എതിരാളികൾക്ക് മനസ്സിലാകണമെങ്കിൽ വീട്ടിലെത്തി ഹൈലൈറ്റ്സ് വീണ്ടും കാണേണ്ടി വരും. അതാണ് അവസ്ഥ, അതാണ് അർജന്റീന, അതാണ് മെസ്സി.
നിങ്ങളെത്ര മെസ്സി ഹേറ്റർ ആണെങ്കിലും ഒന്ന് ആലോചിച്ചുനോക്കൂ…ഏകദേശം 39- 40 വയസ്സ്. മൈതാനത്തെ ഏറ്റവും പ്രായം കൂടിയ താരം.ശാരീരിക പോരാട്ടങ്ങളും കടുത്ത ടാക്കിളുകളും നിറഞ്ഞ ലോകകപ്പ് സെമിഫൈനൽ.
പക്ഷേ ആ മനുഷ്യനിലെ ജയിക്കാനുള്ള ത്വര, തോൽക്കാതിരിക്കാനുള്ള ഓരോ നീക്കങ്ങൾ, എതിർ പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്ത് മറികടക്കുന്നു.ഒന്നിന് പിന്നാലെ ഒന്നായി ടാക്കിളുകൾ ഏറ്റുവാങ്ങുന്നു. മറിഞ്ഞടിച്ച് വീഴുന്നു. പക്ഷേ തളരുന്നില്ല.ഇംഗ്ലണ്ട് ആദ്യം ഗോൾ നേടിയ ശേഷംമധ്യനിര പൂർണമായി അടച്ചുകെട്ടി. അഞ്ച് പ്രതിരോധ താരങ്ങളുമായി പ്രതിരോധം ശക്തമാക്കി.സമയമാണെങ്കിൽ അതിവേഗം ഒഴുകിപ്പോകുന്നു.അർജന്റീന ലോകകപ്പിൽ നിന്ന് പുറത്താകുന്നതിന്റെ വക്കിൽ.അപ്പോൾ മെസ്സി എന്ത് ചെയ്തു?അദ്ദേഹം വിങ്ങിലേക്ക് മാറി.മത്സരത്തിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുത്തു.

തുടർന്നങ്ങോട്ട് ‘വരത്തൻ’ സിനിമയിലെ ഫഹദ് ഫാസിലിന്‍റെ കഥാപാത്രത്തിന്‍റെ ട്രാൻസ്ഫർമേഷനായിരുന്നു. ട്വിസ്റ്റും ത്രില്ലറും നിറച്ച് പോസ്റ്റിലേക്കുള്ള ക്രോസുകൾ…ഇൻസ്വിങ്ങറുകൾ…ഔട്ട്‌സ്വിങ്ങറുകൾ…സാഹചര്യം ആവശ്യപ്പെട്ടതെന്തോ,അതെല്ലാം ചെയ്തു.അവസാനം…തിരിച്ചുവരവ് പൂർത്തിയാക്കി.തോൽവിയെ വിജയമാക്കി മാറ്റിയത് രണ്ട് അസിസ്റ്റുകളിലൂടെ.അതിലൊന്ന് അദ്ദേഹത്തിന്റെ വീക്കർ ഫൂട്ടിൽ നിന്നുള്ള അത്ഭുത പാസ്. മത്സരത്തിൽ സൃഷ്ടിച്ചത് 4 അവസരങ്ങൾ,അതിൽ 2 എണ്ണം വ്യക്തമായ ഗോൾ ചാൻസുകൾ. വിജയകരമായ 9 ഡ്രിബിളുകൾ.
40 എന്നത് സാധാരണ ജീവിതത്തിൽ വലിയ പ്രായമൊന്നുമല്ല. പക്ഷേ ലോകകപ്പ് സെമിഫൈനലിൽ, ഇത്തരമൊരു ഹാഫ് കളിച്ച മറ്റൊരു ഫുട്ബോൾ താരം അധികമില്ല ചൂണ്ടിക്കാണിക്കാൻ. ഈ ലോകകപ്പിൽ അർജന്റീന നേടിയ 19ഗോളുകളിൽ 12-ലും അദ്ദേഹം നേരിട്ട് പങ്കാളിയായി. സമകാലികനായ പോർച്ചുഗലിൻ്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയേക്കാൾ അൽപ്പം പ്രായത്തിന് മൂത്തതാണ്. സി.ആറിന് ഇത്തവണയും പോർച്ചുഗലിനെ കരയ്ക്കടുപ്പിക്കാനാകാത്തതിന് പല കാരണങ്ങളുണ്ട്. ഫുട്ബോൾ ഒരു ടീം ഗെയിമാണെന്ന ബാലപാഠമാണ് ആ കാരണങ്ങളിൽ ഒന്നാമത്തേത്.
ഇനി അർജൻ്റീനക്കു മുന്നിൽബാക്കി ഒരു മത്സരം മാത്രം...
ഒരു കിരീടം കൂടിയല്ല, തുടർച്ചയായി രണ്ടാം വട്ടം കപ്പടിക്കുന്ന അപൂർവതയിലേക്ക് ചേർക്കാൻ കൂടിയുള്ള നിയോഗമാണ് ഇനി അയാൾക്കുമുന്നിൽ ബാക്കി. ഫൈനലിൽ തോറ്റാൽ ഇപ്പോ പുകഴ്‌ത്തിയവരെല്ലാം നേരെ പ്ലേറ്റ് മറിക്കുമെന്നും വിമർശന ശരമേൽപ്പിക്കുമെന്നും ഏറ്റവും നന്നായി അറിയുന്നത് അയാൾക്ക് തന്നെയാണ്. അയാൾക്ക് ഒന്നും ഇനി തെളിയിക്കേണ്ട കാര്യമില്ലെന്നും ഇതിനകം തന്നെ വിശ്വ കിരീടമുൾപ്പടെ നേടി എല്ലാം തികഞ്ഞു നിൽക്കുന്ന ഒരു ഇതിഹാസമാണ് അയാളെന്നും ഇനി ഫൈനലിൽ തോറ്റാലും ആ പ്രതിഭയുടെ തിളക്കം കുറയാനൊന്നും പോകില്ലെന്നും വിമർശിക്കുന്നവർ മനസ്സിലെങ്കിലും കരുതി വെക്കുന്നതാണ് നല്ലത്.
പ്രഷർ വരാതെ ഇരിക്കാനുള്ള ഗുളിക ഒക്കെ കഴിച്ചു വേണം ഇവന്മാരുടെ കളി കാണാൻ എന്ന് ഒരിക്കൽ കൂടി തെളിയിച്ച് പാട്ടും പാടി അർജൻ്റീന ഫൈനലിലെത്തി. ഈസിയായി കളി ജയിക്കുന്നതിൽ അല്ലേലും ഒരു ത്രില്ലുമില്ല. പാതിരാത്രി ഉറക്കമിളച്ച് ടിവിയിൽ കളി കാണുന്നത് മുതലാകണമെങ്കിൽ മെസ്സിപ്പട തന്നെ വേണം! അത്ര തന്നെ!