ദേശീയ പതാക കാവിയാക്കുമെന്നു ആർ എസ് എസ് നേതാവ്
national flag
ബെംഗളൂരു: ദേശീയ പതാകയായ ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിക്കണമെന്ന വിവാദ പ്രസ്താവനയുമായി ആര്.എസ്.എസ്. നേതാവ്. കര്‍ണാടകയിലെ ആര്.എസ്.എസ് നേതാക്കളില്‍ പ്രമുഖനായ കല്ലഡ്കെ പ്രഭാകര്‍ ഭട്ടാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
മെഗളൂരുവില് വെച്ച് നടന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ വെച്ചായിരുന്നു ഭട്ടിന്റെ പ്രസ്താവന. ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിക്കണമെന്നും ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. ഇതിനായി ഹിന്ദുക്കളും ഹിന്ദു സംഘടനകളും ഒന്നിച്ചു നില്‍ക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്താല്‍ ഭൂരിഭാഗം പേരും പിന്തുണയക്കുമെന്നും ഇയാള്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ വാക്കുകള്‍ കേട്ട് പ്രവര്‍ത്തകര്‍ ആരവം മുഴക്കുന്നതും ഭാരത് മാതാ കി ജയ് വിളിക്കുന്നതും വീഡിയോയിലുണ്ട്.