തീവ്രവാദ പ്രവർത്തനങ്ങളിൽ സർക്കാർ നിലപാടുകൾ അപകടകരം: കെസിബിസി

തീവ്രവാദ പ്രവർത്തനങ്ങളിൽ സർക്കാർ നിലപാടുകൾ അപകടകരം: കെസിബിസി

 സംസ്ഥാനത്ത് ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും നിരവധി മുന്നറിയിപ്പുകൾ ലഭിച്ചിട്ടും ഇടപെടലുകൾ നടത്താൻ സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണെന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ.

സമീപകാലത്തെ ചില സംഭവങ്ങളിൽനിന്ന് ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഈയടുത്ത് ഹൈക്കോടതി തന്നെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് പരാമർശിക്കുകയുണ്ടായിരുന്നു. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും ആരോപണവിധേയമായിട്ടുള്ള ഒരു സംഘടനയുടെ പൊതുപരിപാടിക്കിടയിൽ ഒരു കൊച്ചുകുട്ടി വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങൾ കേരളം നടുക്കത്തോടെയാണ് കേട്ടത്. തങ്ങളെ എതിർക്കുന്നവരെ കൊന്നൊടുക്കാൻ മടിക്കുകയില്ല എന്ന ഭീഷണിയായിരുന്നു നൂറുകണക്കിന് പേർ ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളുടെ ഉള്ളടക്കം. അതീവഗുരുതരമായ ആ വിഷയത്തിൽ പോലും യുക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കുന്നു. മത – വർഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന ഇത്തരം നിലപാടുകൾ രാജ്യസുരക്ഷയ്ക്കും, സംസ്ഥാനത്തിന്റെ ഭാവിക്കും അത്യന്തം ദോഷകരമാണ്. നിയമത്തിന് മുന്നിൽ എല്ലാവരെയും തുല്യരായി പരിഗണിക്കാനും കൂടുതൽ ഗൗരവമുള്ള കുറ്റങ്ങളെ അതർഹിക്കുന്ന പ്രാധാന്യത്തോടെ അന്വേഷണവിധേയമാക്കാനും നടപടികൾ സ്വീകരിക്കാനും സർക്കാർ തയ്യാറാകണമെന്ന് കെസിബിസി പ്രസ്താവനയിലൂടെ അറിയിച്ചു