20 മാസത്തെ ജോലി 7.26 കോടി ഖജനാവിൽ നിന്നും ചെലവ്

പിണറായി മറച്ചുവെച്ച എ സമ്പത്തിന്റെ കണക്ക് ധനമന്ത്രി വെളിപ്പെടുത്തി

20 മാസത്തെ ജോലി 7.26 കോടി ഖജനാവിൽ നിന്നും  ചെലവ്

 കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കിൽ ന്യൂഡൽഹിയിൽ നിയമിതനായ മുൻ എം.പി അഡ്വ.എ. സമ്പത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കിയത് 7.26 കോടി രൂപ.

2019 -20 ൽ 3.85 കോടിയും 2020 – 21 ൽ 3.41 കോടി രൂപയും സമ്പത്തിനും പരിവാരങ്ങൾക്കുമായി ചെലവായി. ലോകസഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിനോട് തോറ്റതിനെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന സമ്പത്തിന്റെ 2019 ആഗസ്തിലാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചത്. ധനമന്ത്രി ബാലഗോപാൽ ആണ് സമ്പത്തിനും പരിവാരങ്ങൾക്കുമായി ചെലവഴിച്ച തുക വെളിപ്പെടുത്തിയത്. ബാലഗോപാൽ അവതരിപ്പിച്ച 2021-22 ലേയും 2022-23 ലേയും ബജറ്റ് ഡോക്യുമെന്റിലാണ് സമ്പത്തിനായി ചെലവാക്കിയ തുകയുടെ വിശദാംശങ്ങൾ ഉള്ളത്.

സമ്പത്തിനായി എത്ര തുക ചെലവഴിച്ചു എന്നത് സംബന്ധിച്ച നിരവധി നിയമസഭ ചോദ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും വിമർശനം ഭയന്ന് മുഖ്യമന്ത്രി ഒരു ചോദ്യത്തിനും മറുപടി നൽകിയില്ല. ബജറ്റ് ഡോക്യുമെന്റിൽ ചെലവുകളും എസ്റ്റിമേറ്റുകളും മറച്ച് വക്കാൻ സാധിക്കില്ല. കോവിഡ് ശക്തമായ 2020-21 കാലഘട്ടത്തിൽ ഡൽഹിയിൽ മലയാളികളായ നേഴ്സുമാരും വിദ്യാർത്ഥികളും ബുദ്ധിമുട്ടുമ്പോൾ സമ്പത്തിന്റെ സേവനം ഡൽഹിയിൽ ഇല്ലായിരുന്നു. കൂടുതൽ ദിവസം തിരുവനന്തപുരത്തെ സ്വവസതിയിലായിരുന്നു സമ്പത്ത് അക്കാലയളവിൽ കഴിഞ്ഞത്.ഇത് സംബന്ധിച്ച് മാധ്യമങ്ങൾ നിരന്തരം വാർത്ത നൽകിയിരുന്നു. സമ്പത്തിന് 4 പേഴ്സണൽ സ്റ്റാഫുകളേയും നൽകിയിരുന്നു. ദിവസ വേതനത്തിന് 6 ഓളം പേരേയും സമ്പത്തിനായി നൽകി. ന്യൂഡൽഹിയിൽ സർക്കാരിന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യാൻ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ റസിഡന്റ് കമ്മീഷണറായും അദ്ദേഹത്തെ സഹായിക്കാൻ സ്റ്റാഫുകളും ഉണ്ടായിരിക്കുമ്പോഴാണ് സമ്പത്തിന് കാബിനറ്റ് റാങ്ക് നൽകി പുനരധിവസിപ്പിച്ചത്.

സമ്പത്തിനും പരിവാരങ്ങൾക്കുമായി 2019 -20 ലും 2020 – 21 ലും നൽകിയ തുകയുടെ വിശദാംശങ്ങൾ ചുവടെ:

2019 – 2020 സാമ്പത്തിക വർഷം

1. ശമ്പളം – 2,52, 31, 408 രൂപ

2. വേതനം – 8,83, 824 രൂപ

3. യാത്ര ചെലവുകൾ – 8,00, 619 രൂപ

4. ഓഫിസ് ചെലവുകൾ – 63, 25, 269 രൂപ

5. ആതിഥേയ .ചെലവുകൾ – 98, 424 രൂപ

6. മോട്ടോർ വാഹന സംരക്ഷണം, അറ്റക്കുറ്റപണിക്കർ – 1, 13, 109 രൂപ

7. മറ്റ് ചെലവുകൾ – 47, 36, 410 രൂപ

8. പെട്രോൾ / ഡീസൽ – 3, 73, 462 രൂപ.

2020 – 2021 സാമ്പത്തിക വർഷം

1. ശമ്പളം – 2,09, 89,808 രൂപ

2. വേതനം – 14 , 61, 601 രൂപ

3. യാത്ര ചെലവുകൾ – 11, 44 , 808 രൂപ

4. ഓഫിസ് ചെലവുകൾ – 49, 99, 603 രൂപ

5. ആതിഥേയ ചെലവുകൾ – 73, 205 രൂപ

6. മോട്ടോർ വാഹന സംരക്ഷണം, അറ്റക്കുറ്റപണിക്കർ – 45, 289 രൂപ

7. മറ്റ് ചെലവുകൾ – 51, 02, 882 രൂപ

8. പെട്രോൾ / ഡീസൽ – 3, 10, 633 രൂപ.