ആര്യാടൻ മുഹമ്മദ് നിര്യാതനായി
മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.
മികച്ച പാര്‍ലമെന്‍റേറിയനും പ്രഭാഷകനും വായനക്കാരനുമായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനത്തെത്തി. 1962വണ്ടൂരിൽ നിന്ന് കെപിസിസി അംഗം. 1969ൽ മലപ്പുറം ജില്ല രൂപവത്ക്കരിച്ചപ്പോൾ ഡിസിസി പ്രസിഡന്‍റായി. 1978മുതൽ കെപിസിസി സെക്രട്ടറിയായി. 1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മത്സരിച്ചു. എന്നാല്‍ കെ. കുഞ്ഞാലിയോട് തോറ്റു. 1969ൽ ജൂലൈ 28ന് കുഞ്ഞാലി വധക്കേസിൽ പ്രതിയായി. കേസില്‍ പിന്നീട് ആര്യാടനെ ഹൈക്കോടതി കുറ്റവിമുക്താനാക്കി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1977ൽ നിലമ്പൂരിൽ നിന്ന് നിയസഭയിലെത്തി.
പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. എ ഗ്രൂപ്പ് ഇടതുപക്ഷത്തെത്തിയപ്പോള്‍ ആ വർഷം എംഎൽഎ ആകാതെ തന്നെ ഇടത് മുന്നണി മന്ത്രിസഭയിൽ മന്ത്രിയായി. വനം-തൊഴില്‍ വകുപ്പാണ് ലഭിച്ചത്. സി. ഹരിദാസ് നിലമ്പൂരിൽ എംഎൽഎ സ്ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ച് നിയമസഭയിലെത്തി.
എന്നാല്‍, 1982ൽ ടി കെ ഹംസയോട് തോറ്റത് തിരിച്ചടിയായി. പിന്നീട് ഏറെക്കാലം നിലമ്പൂരിനെ പ്രതിനിധീകരിച്ചു. 1987മുതൽ 2011വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചു. 1995, 2001ലും മന്ത്രിസഭയിൽ ഉള്‍പ്പെട്ടു. തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. നിലവില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ഭാര്യ പി വി മറിയുമ്മ. മക്കൾ: അൻസാർ ബീഗം, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, കദീജ, ഡോ. റിയാസ് അലി(പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ദൻ). മരുമക്കൾ: ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, മസ്കറ്റ്), മുംതാസ് ബീഗം, ഡോ. ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ.