മത വിദ്വേഷ പ്രസംഗം: പി സി ജോർജിനെതിരെ കേസെടുത്തു
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗമാണ് കാരണം
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തു. ഡിജിപി അനിൽകാന്തിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി.
കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും, മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു. പിസി ജോര്‍ജ്ജിന്‍റെ മൊഴി ഉള്‍പ്പടെ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു 153 എ വകുപ്പ് പ്രകാരമാണ് കേസ്.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ അനന്തപുരി ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും, ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു