ഗോവയില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; വിമത നീക്കം പാളി
പനാജി : ഗോവയില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കുവാനുള്ള ബിജെപി നീക്കം പാളി. കോണ്‍ഗ്രസിനുള്ളില്‍ വിമത നീക്കം നടത്തി പാര്‍ട്ടി പിടിച്ചെടുക്കാനുള്ള നീക്കമാണ് അസ്ഥാനത്തായത്. കോണ്‍ഗ്രസിന്റെ പതിനൊന്ന് എംഎല്‍എമാരില്‍ പത്ത് പേരും നിയമസഭയില്‍ ഹാജരായി. അസുഖബാധിതനായതിനാല്‍ ഒരാള്‍ എത്തിയില്ല. മൂന്നില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തി മാറ്റാനുള്ള വിമതരുടെ നീക്കം ഇതോടെ പരാജയപ്പെട്ടു. ബിജെപിയിലേക്കില്ലെന്ന് വിമത നേതാക്കളായ ദിഗംബര്‍ കാമത്തും മൈക്കല്‍ ലോബോയും വ്യക്തമാക്കി. മൈക്കല്‍ ലോബോയെ ഇന്നലെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വൈകീട്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കും. നിയമസഭാ സമ്മേളനം തുടങ്ങാനാരിക്കെയാണ് ഗോവയില്‍ എംഎല്‍എമാര്‍ കൂറുമാറുമെന്ന അഭ്യൂഹം ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് മൈക്കള്‍ ലോബോ അടക്കം നാല് എംഎല്‍എമാര്‍ ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ വസതിയിലെത്തി ചര്‍ച്ച നടത്തി. ഇതോടെ കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനം വിളിച്ച് മൈക്കള്‍ ലോബോയെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നും മാറ്റി.