ജയരാജന്‍ ക്രൂരമായി മര്‍ദ്ദിച്ചു; ജാമ്യഹര്‍ജിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജയരാജന്‍ ക്രൂരമായി മര്‍ദ്ദിച്ചു; ജാമ്യഹര്‍ജിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍



കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി. ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ ആണ് ഹര്‍ജി നല്‍കിയത്. വധശ്രമ കേസ് പോലീസ് കെട്ടിച്ചമച്ചത് ആണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ വാതില്‍ തുറന്നപ്പോള്‍ ആണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ സ്പര്‍ശിക്കുകയോ അടുത്ത് പോകുകയോ ചെയ്തില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. തങ്ങള്‍ ആയുധം കൈയ്യില്‍ വെക്കുകയോ അക്രോശിക്കുകയോ ചെയ്തിട്ടില്ല. വിമാനത്തില്‍ വെച്ച്  ഇ പി ജയരാജനും ഗണ്‍മാനും തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചു. വധശ്രമം എന്ന വകുപ്പ് പോലും നിലനില്‍ക്കാത്ത കേസാണെന്നും ഹര്‍ജിയില്‍ പറയുന്നു . ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കണം എന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടും. അതേസമയം, മുഖ്യമന്ത്രിക്കെതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍  നടത്തിയത് വധശ്രമം തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് പാര്‍ട്ടി സെക്രട്ടറി ഇത് പറയുന്നത്. മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നത് ഇപി ജയരാജനും, സുരക്ഷ ജീവനക്കാരും തടഞ്ഞതിനാലാണ് എന്നാണ് കോടിയേരി ലേഖനത്തില്‍ പറയുന്നത്.