കള്ളനെ താക്കോലേൽപ്പിച്ച് കെഎസ്ആർടിസി

പത്തുലക്ഷം തിരിമറി നടത്തിയ ഉദ്യോഗസ്ഥന് നിർണായക സെക്ഷനിൽ നിയമനം

കള്ളനെ താക്കോലേൽപ്പിച്ച്  കെഎസ്ആർടിസി

പത്ത് ലക്ഷം രൂപ ബാങ്കിൽ തിരിമറി നടത്തിയ ഉദ്യോഗസ്ഥനെതിരെ  നടപടിയെടുക്കാതെ രഹസ്യ സ്വഭാവമുള്ള ഫയലുകൾ കൈകാര്യം ചെയ്യുന്ന പേർസണൽ സെക്ഷനിലേക്ക് നിയമനം നൽകി കെഎസ്ആർടിസി.   

നടപടിയെടുക്കണമെന്ന് സൂപ്രണ്ട് ഓഫ് പോലീസ് കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിട്ടും സിഐടിയു നേതാവായ ഇയാളെ കെഎസ്ആർടിസി യുടെ ചീഫ് ഓഫീസിൽ ഏറ്റവും രഹസ്യ സ്വഭാവമുള്ള ഫയലുകൾ കൈകാര്യം ചെയ്യുന്ന പേഴ്സണൽ സെക്ഷനിലേക്ക് പോസ്റ്റ് ചെയ്തുവെന്നതാണ് ശ്രദ്ധേയം.
കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ അസിസ്റ്റൻ്റായ വിജിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് നെയ്യാറ്റിൻകര കെഎസ്ആർടിസി യൂണിറ്റ് ഓഫീസർ ഇഡി വിജിലൻസിന് കൈമാറിയതും കെഎസ്ആർടിസിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ പൂഴ്ത്തിവച്ചിരിക്കുന്നു.
നിസാര കുറ്റങ്ങൾക്ക് ജീവനക്കാരെ സസ്പെൻറ് ചെയ്തും പിരിച്ചുവിട്ടും ഉഗ്രശാസനം നടത്തുന്ന കെഎസ്ആർടിസി സിഎംഡിക്കും ഇഡിവിക്കും ലക്ഷക്കണക്കിന് രൂപ വെട്ടിച്ച് കോടതിയിൽ നിലവിൽ കേസ് നിലനിൽക്കുന്ന വ്യക്തിയെ ചീഫ്ഓഫീസായ ട്രാൻസ്പോർട്ട് ഭവനിൽ സംരക്ഷിക്കുകയാണ്. ഇതാണ് മാനേജ്മെന്റിന്റെ നിലപാട് എങ്കിൽ 100 കോടിയല്ല, പതിനായിരം കോടി നിമിഷ നേരം കൊണ്ട് കാണാതാകും എന്നാണ് ആരോപണം. ക്രമക്കേട് നടത്തിയതിന് ചീഫ് ഓഫീസിൽ നിന്നും മുൻ സിഎംഡി കോഴിക്കോടേക്ക് ട്രാൻസ്ഫർ ചെയ്തയാളാണ് വിജിൽ കുമാർ