ഇ20 പെട്രോളടിച്ചപ്പോൾ കാറിന് തകരാര്‍'; പുതിയ വാഹനം നൽകാൻ മാരുതി സുസുക്കിയോട് ഉത്തരവിട്ട് ഉപഭോക്തൃ കോടതി

Consumer Court Orders Maruti Suzuki to Replace Car After E20 Petrol Allegedly Causes Damage

ഇ20 പെട്രോളടിച്ചപ്പോൾ കാറിന് തകരാര്‍'; പുതിയ വാഹനം നൽകാൻ മാരുതി സുസുക്കിയോട് ഉത്തരവിട്ട് ഉപഭോക്തൃ കോടതി

എഥനോൾ മിശ്രിത ഇ20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനം തകരാറിലായെന്ന പരാതിയിൽ കാർ നിർമാതാക്കളായ മാരുതി സുസുക്കിക്കും ഡീലർക്കുമെതിരെ ഉപഭോക്തൃ കോടതിയുടെ സുപ്രധാന വിധി. ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, പരാതിക്കാരന് ഇ20 പെട്രോൾ ഉപയോഗിക്കാൻ അനുയോജ്യമായ പുതിയ വാഹനം 45 ദിവസത്തിനകം നൽകാൻ ഉത്തരവിട്ടു. ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ പ്രധാന ഉപഭോക്തൃ കോടതി വിധിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

കോടതി നിർദേശിച്ച 45 ദിവസത്തിനുള്ളിൽ പുതിയ വാഹനം കൈമാറാൻ കമ്പനി തയ്യാറാകാത്ത പക്ഷം, വാഹനത്തിന്റെ മുഴുവൻ വിലയും ഉപഭോക്താവിന് തിരികെ നൽകണം. ഇതിനുപുറമേ, ഉപഭോക്താവ് അനുഭവിച്ച മാനസിക ബുദ്ധിമുട്ടിനും പ്രയാസങ്ങൾക്കും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നൽകാൻ കോടതി ഉത്തരവിട്ടു.

ഛത്തീസ്ഗഢ് സ്വദേശിയായ ഉപഭോക്താവാണ് 2023 മോഡൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സ്ട്രോങ്ങ് ഹൈബ്രിഡ് സെറ്റ പ്ലസ് വാങ്ങിയ ശേഷം കോടതിയെ സമീപിച്ചത്. രാജ്യത്ത് എഥനോൾ ബ്ലെൻഡിങ് പദ്ധതി നടപ്പിലാക്കിയ ശേഷമാണ് വാഹനം വാങ്ങിയതെന്നും, ഇ20 പെട്രോൾ ഉപയോഗിച്ചതിന് പിന്നാലെ എഞ്ചിനിൽ തുടർച്ചയായി തകരാറുകൾ പ്രകടമായതായും പരാതിയിൽ പറയുന്നു.

വാഹനത്തിന്റെ പ്രകടനം കുറയുക, എഞ്ചിൻ മിസ്ഫയറിങ്, മൈലേജ് ഗണ്യമായി താഴുക തുടങ്ങിയ പ്രശ്നങ്ങൾ പതിവായിരുന്നുവെന്നും, നിരവധി തവണ അംഗീകൃത സർവീസ് സെന്ററുകളിൽ എത്തിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിട്ടും തകരാർ പൂർണമായി പരിഹരിക്കാനായില്ലെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു.

പരാതിക്കാരന്റെ വാദങ്ങളും സമർപ്പിച്ച രേഖകളും പരിശോധിച്ച ശേഷമാണ് റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉപഭോക്താവിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. ഇ20 ഇന്ധനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് വാഹന നിർമാതാക്കളുടെ ഉത്തരവാദിത്വം ചർച്ചയാകുന്ന സാഹചര്യത്തിൽ ഈ വിധിക്ക് ദേശീയതലത്തിൽ വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.