ശ്വാസം മുട്ടി റെയിൽവേ യാത്രക്കാർ; കോട്ടയം - എറണാകുളം റൂട്ടിലെ കൊടുംദുരിതത്തിന് എന്ന് തീരും പരിഹാരം?
Passengers traveling between Kottayam and Ernakulam face extreme overcrowding during morning and evening peak hours
എറണാകുളം: കോട്ടയത്തു നിന്നും എറണാകുളത്തേക്കുള്ള ട്രെയിൻ യാത്ര ദിനംപ്രതി ദുരിതപൂർണ്ണമാകുന്നു. പ്രത്യേകിച്ച് തിങ്കളാഴ്ചകളിൽ അനുഭവപ്പെടുന്ന അനിയന്ത്രിത ജനത്തിരക്ക് യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ്. മെമു, പാലരുവി തുടങ്ങിയ ട്രെയിനുകളിൽ ശ്വാസം കിട്ടാതെ യാത്രക്കാർ ബോധരഹിതരായി വീഴുന്നത് ഇപ്പോൾ തിങ്കളാഴ്ചകളിലെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.
വാതിൽപ്പടിയിലെ അപകടയാത്ര: തിങ്കളാഴ്ച രാവിലെ കോട്ടയം കടക്കുന്നതോടെ ട്രെയിനിൽ കയറിപ്പറ്റുക അസാധ്യമായി മാറുന്നു. സ്ത്രീകളും വിദ്യാർത്ഥികളും അടക്കമുള്ള യാത്രക്കാർ കോട്ടയം മുതൽ എറണാകുളം വരെ വാതിൽപ്പടിയിൽ തൂങ്ങിപ്പിടിച്ചാണ് യാത്ര ചെയ്യുന്നത്. ജനത്തിരക്ക് നിയന്ത്രിക്കാൻ എന്ന പേരിൽ, കുറഞ്ഞ കോച്ചുകളുള്ള മെമു സർവീസ് ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള അഞ്ച് സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കിയിരിക്കുകയാണ്. ഇത് ഈ സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാരെ കൂടുതൽ വലയ്ക്കുന്നു.

അടിയന്തരമായി പുതിയ മെമു വേണം: രാവിലെ കോട്ടയത്തു നിന്ന് എറണാകുളത്തേക്ക് പുതിയൊരു മെമു സർവീസ് ആരംഭിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയം സ്റ്റേഷനിൽ അഞ്ച് പ്ലാറ്റ്‌ഫോമുകളാക്കി നവീകരിച്ചിട്ടും ഒരു പുതിയ ട്രെയിൻ പോലും അനുവദിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. എറണാകുളം ഭാഗത്തേക്ക് മെമു സർവീസുകൾക്കായി പ്രത്യേകം നിർമ്മിച്ച '1എ' പ്ലാറ്റ്‌ഫോം കഴിഞ്ഞ നാല് വർഷമായി യാതൊരു ഉപയോഗവുമില്ലാതെ കാടുകയറിക്കിടക്കുകയാണ്.
മടക്കയാത്രയും നരകം; അവഗണന തുടർന്ന് റെയിൽവേ: രാവിലത്തെ ദുരിതം കഴിഞ്ഞാൽ വൈകുന്നേരം എറണാകുളത്തു നിന്നുള്ള മടക്കയാത്രയും അതികഠിനമാണ്. തൃപ്പൂണിത്തുറ സ്റ്റേഷൻ പിന്നിടുമ്പോൾ തന്നെ ട്രെയിനുകളിൽ വാതിൽപ്പടിയിൽ പോലും ആളുകൾ തൂങ്ങിനിൽക്കുന്ന അവസ്ഥയാണ്. വൈകുന്നേരം എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന ഗുരുവായൂർ - എറണാകുളം പാസഞ്ചർ ട്രെയിൻ കോട്ടയത്തേക്ക് നീട്ടിയാൽ ഈ തിരക്കിന് വലിയൊരു പരിഹാരമാകും. എന്നാൽ ഈ നിർദ്ദേശത്തോടും റെയിൽവേ അധികൃതർ മുഖം തിരിക്കുകയാണ്.
ജനപ്രതിനിധികൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, കോട്ടയം - എറണാകുളം പാതയിലെ യാത്രക്കാരുടെ ജീവന്മരണ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് യാത്രക്കാരുടെ ശക്തമായ ആവശ്യം.