വീണ്ടും പകൽകൊള്ള ; BJP നേതാവ് ജയിലറയിലേക്ക്
കേരള ബിജെപിക്കുള്ളിലെ ഫണ്ട് വിനിയോഗവും തിരഞ്ഞെടുപ്പ് ചെലവുകളും സംബന്ധിച്ച ആരോപണങ്ങൾ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്
ദേശീയ തലത്തിൽ അയോധ്യ സംഭാവന വിവാദവും നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളും ബിജെപിയെ പ്രതിരോധത്തിലാക്കുമ്പോൾ, കേരളത്തിൽ പാർട്ടിക്കുള്ളിലെ ഫണ്ട് തട്ടിപ്പുകളും അഴിമതി ആരോപണങ്ങളും സംസ്ഥാന നേതൃത്വത്തിന്റെ അടിത്തറയിളക്കുകയാണ്. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഹെലികോപ്റ്റർ വാടക വിവാദം പാർട്ടിക്കുള്ളിലെ സാമ്പത്തിക സുതാര്യതയില്ലമയിലേക്ക് വിരൽ ചൂണ്ടുകയാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ മണിക്കൂറിന് 3.4 ലക്ഷം രൂപ നിരക്കിൽ വലിയ തുക നൽകി ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തപ്പോൾ, ഇത്തവണ അത് 2.7 ലക്ഷം രൂപയായിരുന്നു.ഒരേ ആവശ്യത്തിന് വ്യത്യസ്തമായ തുകകൾ ഇടാക്കിയതിലെ അപാകത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചു കഴിഞ്ഞു. തിരുവനന്തപുരത്തെ ഒരു പ്രദേശിക നേതാവാണ് രണ്ട് തവണയും ഈ കരാറുകൾക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന ആരോപണം ഈ തട്ടിപ്പിന്റെ പ്രാദേശിക വേരുകളെ വ്യക്തമാക്കുന്നു. കേന്ദ്ര നേതാക്കളുടെ പ്രചാരണത്തിനായി ഒരു ഹെലികോപ്റ്റർ മാത്രം മതിയെന്നിരിക്കെ, പാർട്ടി ഓഫീസിലെ ഒരു പ്രമുഖൻ അതേ നിരക്കിൽ മറ്റൊരു ഹെലികോപ്റ്ററിന് കൂടി കരാർ നൽകിയത് വലിയ അഴിമതിയുടെ സൂചനയാണ്. മേൽനോട്ട ചുമതലയുണ്ടായിരുന്ന കേന്ദ്ര പ്രതിനിധി ഇതിനെ ചോദ്യം ചെയ്തപ്പോൾ മുൻകാലങ്ങളിലും ഇതാണ് പതിവെന്ന ലളിതമായ വിശദീകരണമാണ് നൽകിയത്. പിന്നീട് രണ്ട് ഹെലികോപ്റ്ററുകളുടെ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ, കരാർ പ്രകാരമുള്ള അധിക സമയം ഉപയോഗിക്കാൻ തമിഴ്നാട് ഘടകത്തിന് കൈമാറി രക്ഷപ്പെടാൻ ശ്രമിച്ചതും പാർട്ടിയുടെ സാമ്പത്തിക വിനിയോഗത്തിലെ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്.സാമ്പത്തിക തിരിമറികൾ ഹെലികോപ്റ്റർ വിവാദത്തിൽ മാത്രം ഒതുങ്ങുന്നില്ല. മുൻപ് തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളായ കൊടി, ഷാൾ, തൊപ്പി, ബാഡ്ജ് എന്നിവയുടെ വിതരണത്തിനായി വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതുപോലെ, ഇത്തവണ കട്ടൗട്ടുകൾ നിർമ്മിക്കാനും സമാനമായ വ്യാജ കമ്പനികൾ ഉണ്ടാക്കിയതായാണ് സംശയിക്കുന്നത്. ആവശ്യത്തിന് കട്ടൗട്ടുകൾ സമയത്ത് ലഭിച്ചില്ലെന്നും എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ അന്നേ പരാതിയുണ്ടായിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞാ വേളയിൽ കൗൺസിലർമാർ പ്രകടിപ്പിച്ച അമിതമായ ഹൈന്ദവ വികാര പ്രകടനം മുതൽ ഇപ്പോൾ പുറത്തുവരുന്ന ഫണ്ട് തിരിമറി വരെയുള്ള സംഭവങ്ങൾ പാർട്ടിയുടെ പൊതുപ്രതിച്ഛായയെ പാടില്ലാത്തവിധം തകർത്തിരിക്കുകയാണ്.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ ലക്ഷ്യമിട്ടാണ് ഈ ഫണ്ട് തിരിമറി ആരോപണങ്ങൾ ഉയരുന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം വിലയിരുത്തുന്നത്. ഗ്രൂപ്പ് താല്പര്യങ്ങൾക്ക് അതീതമായി എല്ലാ വിഭാഗം നേതാക്കൾക്കും തുല്യ ചുമതലകൾ നൽകി പാർട്ടിയിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയാണുണ്ടായത്. ഇതിന്റെ തുടർച്ചയെന്നോണം കൂടുതൽ നേതാക്കൾക്കെതിരെ വരും ദിവസങ്ങളിൽ സാമ്പത്തിക ആരോപണങ്ങൾ ഉയരാൻ സാധ്യതയുണ്ട്. മുൻപ് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച കൊടകര കുഴൽപ്പണ ഇടപാടിന് ശേഷം ബിജെപിയെ തേടിയെത്തുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ച കോടിക്കണക്കിന് രൂപ പാർട്ടിയുടെ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് പകരം, ചില മുതിർന് നേതാക്കൾ സ്വന്തം ബാങ്ക് വായ്പകൾ അടച്ചുതീർക്കാനും ആഡംബര വാഹനങ്ങൾ വാങ്ങാനും ഉപയോഗിച്ചെന്ന ഞെട്ടിക്കുന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. എങ്കിലും, തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകളെല്ലാം കൃത്യമായി ക്ലോസ് ചെയ്തതാണെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ വാദം. അയോദ്ധ്യ സംഭാവന കൊള്ള. നീറ്റ് ,നെറ്റ് പരീക്ഷ തുടങ്ങിയവയിലെ ക്രമക്കേടുകളിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതെ കേന്ദ്ര നേതൃത്വം ഉത്തരം മുട്ടുമ്പോൾ, സംസ്ഥാനത്തും സമാനമായ അഴിമതി ആരോപണങ്ങൾ ഉയരുന്നത് ബിജെപിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണ്. കേരളത്തിൽ ഒരു ബദൽ രാഷ്ട്രീയ ശക്തിയായി വളരാൻ ശ്രമിക്കുന്ന ബിജെപിക്ക്, സ്വന്തം അണികൾക്ക് മുന്നിലും പൊതുസമൂഹത്തിന് മുന്നിലും മറുപടിയില്ലാത്ത അവസ്ഥയാണ് ഈ സംഭവങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.