എന്തുകൊണ്ടാണ് അർജന്‍റീനയ്ക്ക് ഇത്രയും ഹേറ്റേഴ്​സ്​? ‘കണ്ണുകടി’ക്കു പിന്നിലെ യാഥാർഥ്യവും കൗതുകവും!

What Drives the Hate Against Argentina? Truth and Trivia Behind the Backlash

എന്തുകൊണ്ടാണ് അർജന്‍റീനയ്ക്ക് ഇത്രയും ഹേറ്റേഴ്​സ്​? ‘കണ്ണുകടി’ക്കു പിന്നിലെ യാഥാർഥ്യവും കൗതുകവും!
എന്തുകൊണ്ടാണ് അർജന്‍റീനയ്ക്ക് ഇത്രയും ഹേറ്റേഴ്​സ്​? ‘കണ്ണുകടി’ക്കു പിന്നിലെ യാഥാർഥ്യവും കൗതുകവും!

"You either die a hero, or you live long enough to see yourself become the villain."
ഹോളിവുഡ് സിനിമയായ The Dark Knight-ൽ ഹാർവി ഡെന്‍റ്​ പറയുന്ന ഈ പ്രശസ്ത ഡയലോഗ് വെറും ഒരു സിനിമാ വരിയല്ല; വിജയത്തിന്‍റെ മറുവശത്തെക്കുറിച്ചുള്ള നിരീക്ഷണം കൂടിയാണ്. കായിക രംഗത്തും ഈ വെറുപ്പ്​ സമ്പാദിക്കൽ ചില ടീമുകൾക്കോ, ചില കളിക്കാർക്കോ സംഭവിക്കാറുണ്ട്​. കൗതുകകരമായ കാര്യം വെറുക്കുന്നവരേക്കാൾ കൂടുതൽ അവരെ ഇഷ്ടപ്പെടുന്നവരാണ്​ കൂടുതലെന്നതാണ്​. 
ഫുട്ബോളിലേക്ക്​ വന്നാൽ ഒരുകാലത്ത് നിഷ്പക്ഷ ആരാധകരുടെ പ്രിയപ്പെട്ട ടീമുകളിൽ ഒന്നായിരുന്ന അർജന്‍റീന, ഇന്ന് പല എതിരാളി ആരാധകരും തോൽക്കണമെന്ന് ആഗ്രഹിക്കുന്ന ടീമുകളിൽ ഒന്നായി മാറിയിരിക്കുന്നു.
കാരണം അവർ മോശമായി കളിക്കുന്നതല്ല. മറിച്ച്, വലിയ ടൂർണമെന്‍റുകളിൽ തുടർച്ചയായി ഫൈനലിലെത്തുകയും കിരീടങ്ങൾ സ്വന്തമാക്കുകയും ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട് പോലുള്ള വമ്പൻ ടീമുകൾ വിവിധ ഘട്ടങ്ങളിൽ പുറത്താകുമ്പോൾ അവരുടെ ആരാധകർ ഒരുമിച്ച്​ മുന്നണിയായി അർജന്‍റീനക്കെതിരെ തിരിയുന്നതുമുൾപ്പടെ കാരണങ്ങൾ പലതുമാകാം. വിജയങ്ങൾ കൂടുന്നതിനനുസരിച്ച് വിമർശകരും കൂടും, ഒന്ന്​ കപ്പടിച്ച്​ പിന്നേം കപ്പടിക്കുന്നതിന്​ അടുത്തുവരെ അവർ മാത്രം എത്തുമ്പോഴുണ്ടാകുന്ന ‘വെറും’ അസൂയയും ഇതിന്​ പിന്നിലുണ്ടാകാം. അല്ലാതെ അർജന്‍റീനയെന്താ ഈ ആരാധകരെ പിടിച്ച്​ കടിച്ചോ ഇത്ര വെറുക്കാൻ എന്ന ചോദ്യത്തിന്​ ഉത്തരമില്ല!.

അർജന്‍റീനയ്ക്ക് ലഭിക്കുന്ന ഈ 'ഹേറ്റ്' തോൽവികളുടെ ഫലമാണോ? അതോ തുടർച്ചയായ വിജയങ്ങളുടെ വിലയോ?
ഫുട്ബോളിൽ ഒരു കൗതുകകരമായ കാര്യമുണ്ട്. ഒരു ടീം എത്ര കൂടുതൽ വിജയിക്കുന്നുവോ, അത്ര കൂടുതൽ ആരാധകരെയും അതേ സമയം അത്ര തന്നെ വിമർശകരെയും അവർ സൃഷ്ടിക്കും. ഇന്ന് ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ടീമുകളിൽ ഒന്നാണ് അർജന്റീന. എന്നാൽ അർജന്റീന ആരാധകരല്ലാത്തവരിൽ വലിയൊരു വിഭാഗം, "അർജന്റീന തോൽക്കണം" എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത് എന്തുകൊണ്ടാണ്?

ഇത് വെറും കളിയുടെ കാര്യമാണോ? അതോ അതിന് പിന്നിൽ മനഃശാസ്ത്രവും, രാഷ്ട്രീയവും, ആരാധക സംസ്കാരവും, ചരിത്രവും ഒക്കെ ചേർന്നിട്ടുണ്ടോ?
 ക്രിക്കറ്റെടുത്താൽ എല്ലാ രാജ്യക്കാരും ആസ്ട്രേലിയ തോൽക്കണമെന്ന് ആഗ്രഹിക്കുന്നു... കാരണം അവരാണ് എപ്പോഴും ജയിച്ചു കൊണ്ടിരിക്കുന്നത്... പിന്നെ ഓസ്ട്രേലിയ ക്രിക്കറ്റിന്‍റെ മാന്യതക്ക്‌ നിരക്കാത്ത പല കാര്യങ്ങളും ഗ്രൗണ്ടിൽ ചെയ്യാറുണ്ടെന്ന്​ പലരും വിശ്വസിക്കുന്നു... ഇതേ കാര്യം അർജന്റീന താരങ്ങൾ ചെയ്യുന്നില്ലെങ്കിലും ഫിഫക്ക്‌ അവരോട് സോഫ്റ്റ്‌ കോർണർ ഉണ്ടെന്ന് ബാക്കിയുള്ള ടീമുകൾ സംശയിക്കുന്നു... ഇതാണ് യാഥാർഥ്യം...,
 ബ്രസീൽ, പോർച്ചുഗൽ,ആര് ജയിച്ചുവന്നാലും ഇങ്ങനൊക്കെ തന്നെ ആയിരിക്കും..പിന്നെ ബ്രസീൽ പോർച്ചുഗൽ ഒക്കെ ജയിക്കാൻ മറന്ന് പോയത് കൊണ്ട് അര്ജന്റീന ആയി ഇര എന്നുമാത്രം..,ബ്രസീലായിരുന്നു ജയിച്ച്​ ഫൈനലിൽ എത്തിയിരുന്നതെങ്കിൽ എന്ന്​ വിചാരിക്കുക, അതും സെമിയിൽ അർജന്‍റീനയെ തോൽപ്പിച്ച്​. ഇത്​ തന്നെയാകും തിരിച്ച്​ സംഭവിക്കുക. 

അർജന്റീനയുടെ കാര്യമെടുത്താൽ 2014 ലോകകപ്പിൽ ഫൈനലിലെത്തി റണ്ണേഴ്സ് അപ്പായി. തുടർന്ന് രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ, ഫൈനലിസിമ, ഒടുവിൽ 2022 ലോകകപ്പ്. അതിനുശേഷവും ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും സ്ഥിരതയാർന്ന പ്രകടനവും.
ഇത്രയും കാലം തുടർച്ചയായി വിജയിക്കുന്ന ഒരു ടീമിനെതിരെ സ്വാഭാവികമായും "ഇനി ഇവർ ഒന്ന് തോൽക്കട്ടെ" എന്ന വികാരം എതിരാളികളുടെ ആരാധകരിൽ ഉണ്ടാകും. .
ലയണൽ മെസി ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളിൽ ഒരാളാണ്. 
മെസിയുടെ ഓരോ വിജയവും ആഘോഷിക്കപ്പെടുമ്പോൾ, അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവർക്ക് അത് അസ്വസ്ഥതയാകാം. അതിന്റെ പ്രതിഫലനം പലപ്പോഴും അർജന്റീന ടീമിനെതിരെയുള്ള വിരോധമായും മാറുന്നു.
സോഷ്യൽ മീഡിയയുടെ കാലത്ത് ചില ആരാധകർ നടത്തുന്ന അമിത ആഘോഷങ്ങളും, എതിരാളികളെ പരിഹസിക്കുന്ന ട്രോളുകളും, "ഞങ്ങളാണ് ഏറ്റവും മികച്ചവർ" എന്ന സമീപനവും ചില നിഷ്പക്ഷ ആരാധകരെ പോലും അകറ്റും.
ഇത് എല്ലാ അർജന്റീന ആരാധകരെയും പ്രതിനിധീകരിക്കുന്നില്ല. എന്നാൽ ചെറിയൊരു വിഭാഗത്തിന്റെ പെരുമാറ്റം, മുഴുവൻ ആരാധക സമൂഹത്തിന്റെ പ്രതിച്ഛായയെയും ബാധിക്കാറുണ്ട്.
ബ്രസീൽ ആരാധകർ അർജന്റീനയെ പിന്തുണയ്ക്കുക അപൂർവമാണ്. അതുപോലെ അർജന്റീന ആരാധകരും ബ്രസീലിനെ പിന്തുണയ്ക്കാറില്ല. 
ഫുട്ബോളിലെ ഈ മത്സരവികാരമാണ് പലപ്പോഴും "അവർ തോൽക്കണം" എന്ന ആഗ്രഹമായി മാറുന്നത്.
അടുത്തിടെ മിഡിൽ ഈസ്റ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട് അർജന്റീന സർക്കാരിന്റെ ചില വിദേശനയ നിലപാടുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ചിലർ അതിന്റെ അടിസ്ഥാനത്തിൽ അർജന്റീന ടീമിനെയും വിമർശിച്ചു.
പക്ഷേ ഒരു രാജ്യത്തിന്റെ സർക്കാർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടും, ദേശീയ ഫുട്ബോൾ ടീമും, കളിക്കാരുമായി ബന്ധമുണ്ടോ സത്യത്തിൽ.

കളിക്കാർ സർക്കാർ നയങ്ങൾ രൂപപ്പെടുത്തുന്നവരല്ല. എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ പലരും ഈ രണ്ടിനെയും കൂട്ടിക്കുഴയ്ക്കാറുണ്ട്.
ഇന്ന് ഒരു മത്സരം കഴിഞ്ഞാൽ ആയിരക്കണക്കിന് ട്രോളുകളും മീമുകളും കമന്റുകളും നിറയും. അതിൽ പലതും വിനോദത്തിനുവേണ്ടിയാണ്. ചിലത് അതിരുവിടും.
അതുകൊണ്ട് സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ ‘‘ഹേറ്റും’’ യഥാർത്ഥ ജീവിതത്തിലെ വികാരമാണെന്ന് കരുതേണ്ടതില്ല. പലപ്പോഴും അത് വൈറലാകാൻ വേണ്ടിയുള്ള പ്രതികരണങ്ങൾ മാത്രമാണ്.
പോർച്ചുഗൽ ആരാധകർക്ക് റൊണാൾഡോയുടെ അവസാന ലോകകപ്പ് സ്വപ്നം പൂർത്തിയാകാതെ പോകുന്നു. ബ്രസീൽ ആരാധകർ ഓരോ ലോകകപ്പിലും വലിയ പ്രതീക്ഷയുമായി എത്തി നിരാശപ്പെടുന്നു. ഫ്രാൻസ് പോലുള്ള ശക്തരായ ടീമുകൾക്ക്​ പോലും അവസാന കടമ്പ കടക്കാൻ കഴിയുന്നില്ല. എന്നാൽ അർജന്റീന വീണ്ടും വീണ്ടും ഫൈനലിൽ എത്തുമ്പോൾ, പല ആരാധകരുടെയും മനസ്സിൽ ഒരു ചിന്ത ഉയരും:
"എന്തുകൊണ്ട് എല്ലായ്പ്പോഴും ഇവർ തന്നെ?"
അതാണ് പിന്നീട് "അർജന്റീന ഇത്തവണയെങ്കിലും തോൽക്കണം" എന്ന വികാരമായി മാറുന്നത്. അത് പലപ്പോഴും അർജന്റീനയെ വെറുക്കുന്നതുകൊണ്ടല്ല; സ്വന്തം ടീമിന്റെ നിരാശയും വിജയത്തിനായുള്ള കാത്തിരിപ്പും ചേർന്നുണ്ടാകുന്ന ഒരു മാനസിക പ്രതികരണമാണ്.
ഒരർത്ഥത്തിൽ നോക്കിയാൽ, അർജന്റീന ഇന്ന് വെറുക്കപ്പെടുന്നത് വീണ്ടും വീണ്ടും ഫൈനലിലെത്തി കിരീടം നേടാൻ കഴിയുന്ന അപൂർവ ടീമുകളിൽ ഒന്നായതുകൊണ്ടായിരിക്കാം.


ഫുട്ബോളിലെ 'കോൺസ്പിറസി തിയറികൾ': അർജന്റീനയ്ക്ക് എതിരായ വിമർശനങ്ങളുടെ പിന്നാമ്പുറം

രു ടീം നിരന്തരമായി വിജയിക്കുമ്പോൾ, ആ വിജയങ്ങളെ കായികമായ മികവായി അംഗീകരിക്കുന്നതിന് പകരം അതിനു പിന്നിൽ എന്തെങ്കിലും അട്ടിമറികളുണ്ട് എന്ന് വിശ്വസിക്കാൻ ചിലർക്ക് ഇഷ്ടമാണ്. മനഃശാസ്ത്രപരമായി ഇതിനെ "Confirmation Bias" എന്ന് വിളിക്കാം. തങ്ങൾ വെറുക്കുന്ന ഒരു ടീമിനെ കുറിച്ച് നെഗറ്റീവായ കാര്യങ്ങൾ മാത്രം തിരയുകയും അത് സത്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

 'റെഫറി അർജന്റീനയ്ക്ക് അനുകൂലം' - യാഥാർത്ഥ്യം എന്ത്?
റെഫറിമാർ അർജന്റീനയെ സഹായിക്കുന്നു എന്നത് സോഷ്യൽ മീഡിയയിൽ പടരുന്ന ഏറ്റവും വലിയ മിഥ്യയാണ്. ഫുട്ബോളിന്റെ ചരിത്രമെടുത്താൽ എല്ലാ ടീമുകൾക്കും അനുകൂലമായും പ്രതികൂലമായും റെഫറി തീരുമാനങ്ങൾ വന്നിട്ടുണ്ട്. VAR (Video Assistant Referee) സാങ്കേതികവിദ്യ വന്നതോടെ ഇത്തരം തീരുമാനങ്ങൾ കൂടുതൽ സുതാര്യമായി. പക്ഷേ, മെസ്സിയെപ്പോലെയുള്ള താരങ്ങൾ അറ്റാക്കിംഗ് ഫുട്ബോൾ കളിക്കുന്നവരാണ്. സ്വാഭാവികമായും അവർക്ക് ബോക്സിനുള്ളിൽ കൂടുതൽ ഫൗളുകൾ ലഭിക്കും. ഇത് റഫറിയുടെ സഹായമല്ല, കളിയുടെ രീതിയാണ്.
"അർജന്റീനയുടെ കളികൾ നടക്കുന്നത് കൃത്രിമമാണ്" എന്ന് പറയുന്നത് ഫുട്ബോളിനെ സ്നേഹിക്കുന്ന ആർക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ആരാധകർ വീക്ഷിക്കുന്ന ഒരു കായിക ഇനത്തിൽ ഇത്ര വലിയ അഴിമതി നടക്കുന്നുണ്ടെന്ന് പറയുന്നത് അസംബന്ധമാണ്. അർജന്റീന തങ്ങളുടെ കളിക്കളത്തിലെ മികവും, മെസ്സിയുടെ നേതൃത്വവും, പരിശീലകൻ സ്കലോനിയുടെ തന്ത്രങ്ങളും കൊണ്ടല്ലേ ഓരോ വിജയവും നേടിയത്. ചെറിയ പിഴവുകൾ പർവതീകരിച്ച്​ സാമാന്യവൽക്കരിക്കുന്നതല്ലേ കൃത്രിമം? ചോദ്യം അർജന്‍റീന വിരുദ്ധരോടാണ്​.

എന്തുകൊണ്ട് ഇത്തരം വിമർശനങ്ങൾ?
ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർ യഥാർത്ഥത്തിൽ അർജന്റീനയുടെ വിജയങ്ങളിൽ അസ്വസ്ഥരായവരാണ്​. തങ്ങളുടെ ഇഷ്ടടീമുകൾക്ക് നേടാൻ കഴിയാത്ത ഉയരങ്ങൾ അർജന്റീന കീഴടക്കുമ്പോൾ, ആ വിജയത്തിന്റെ തിളക്കം കുറയ്ക്കാൻ അവർ ഇത്തരം കഥകൾ മെനയുന്നു.
ഫുട്ബോൾ എന്ന് പറയുന്നത് ഗോൾ പോസ്റ്റുകൾക്കിടയിലെ പോരാട്ടമാണ്. അവിടെ ജയിക്കുന്നത് മികച്ച തന്ത്രങ്ങളും കഴിവും ഉള്ളവരാണ്. റെഫറിയെയോ കാലാവസ്ഥയെയോ കുറ്റം പറഞ്ഞ് ഒരു ടീമിന്റെ വിജയത്തെ ഇകഴ്ത്തിക്കാട്ടുന്നത് ഫുട്ബോളിനെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്.
ആരും ശ്രദ്ധിക്കാത്ത ടീമുകളെ ആരും വെറുക്കാറില്ല. ലോകത്തിന്റെ കണ്ണ് പതിയുന്ന ടീമുകൾക്കാണ് ഏറ്റവും കൂടുതൽ കൈയടിയും ഏറ്റവും കൂടുതൽ വിമർശനവും ലഭിക്കുക. അതാണ് അർജന്റീനയുടെ കഥയും.

ഇതോടൊപ്പം ചേർത്തു വായിക്കേണ്ട ഒന്നാണ്​ ക്രിക്കറ്റിലെ സച്ചിൻ തെണ്ടുൽക്കർ. ഒരു 'ജെന്റിൽമാൻ' എന്ന നിലയിൽ ജനമനസ്സിൽ ഇടംപിടിച്ച താരമാണ് അദ്ദേഹം. ഫോമിലല്ലാത്ത സമയത്തും അദ്ദേഹത്തിന് നേരെ വെറുപ്പ് ഉയരാതിരുന്നത്, അദ്ദേഹത്തിന്റെ പെരുമാറ്റത്തിലുണ്ടായിരുന്ന അങ്ങേയറ്റത്തെ മാന്യത കൊണ്ടാണ്. വീട്ടിലെ ഒരാളെപ്പോലെ നമ്മൾ അദ്ദേഹത്തെ സ്നേഹിച്ചത്, ആ വിജയങ്ങളിലും പരാജയങ്ങളിലും അദ്ദേഹം നിലനിർത്തിയ അന്തസ്സ് കൊണ്ടാണ്.
എന്നാൽ മെസ്സിയും അർജന്റീനയും മറ്റൊരു ശൈലിയാണ് പിന്തുടരുന്നത്. മെസ്സിയെ ഒരു 'ജെന്റിൽമാൻ' അല്ല എന്ന് വിളിക്കാൻ കഴിയില്ല; മറിച്ച്, അദ്ദേഹം കളിക്കളത്തിൽ ഒരു 'പോരാളിയാണ്'. മെസ്സിയുടെ അർജന്റീനയ്ക്ക് ഒരു പ്രത്യേകതയുണ്ട്—അവർക്ക് കളിക്കളത്തിൽ വികാരമുണ്ട്, ദേഷ്യമുണ്ട്, വാശിയുണ്ട്. ലോകകപ്പിലെ ആ വാശിയും, കളി ജയിക്കാനായുള്ള തീവ്ര ശ്രമങ്ങളും മെസ്സിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. സച്ചിന്റെ ശാന്തതയല്ല, മറിച്ച് മെസ്സിയുടെ 'അഗ്രസീവ്' ആയ പോരാട്ടവീര്യമാണ് അർജന്റീനയെ ലോകചാമ്പ്യന്മാരാക്കിയത്.
അർജന്റീനയ്ക്ക് ലഭിക്കുന്ന 'ഹേറ്റ്', മെസ്സിയുടെ ഈ പോരാട്ടവീര്യത്തോടുള്ള അസൂയ കൂടിയാണ്.

മെസ്സി ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ, തങ്ങളുടെ ടീം ജയിക്കാൻ വേണ്ടി അദ്ദേഹം കാണിക്കുന്ന ആ തീക്ഷ്ണത, എതിരാളികളുടെ ആരാധകർക്ക് പലപ്പോഴും ദഹിക്കാറില്ല. 

ഫുട്ബോൾ ഉൾപ്പടെ കായികവിനോദങ്ങളെല്ലാം ഒരു ആഘോഷമാണ്. വൈരാഗ്യങ്ങൾക്കപ്പുറം, ഒരു ടീമിന്റെ കഠിനാധ്വാനത്തെയും വിജയത്തെയും കായികമായ ആവേശത്തോടെ മാത്രം കാണുന്നതാണ് സ്​പോർട്​സിന്‍റെ സൗന്ദര്യം.
അർജന്റീന ജയിക്കുമ്പോൾ വിമർശിക്കുന്നവർക്ക് ഒരു കാര്യം ഓർക്കാം; അവർ ചരിത്രം തിരുത്തിക്കൊണ്ടിരിക്കുകയാണ്.

വിജയങ്ങളെ പ്രശംസിക്കാനും തോൽവികളിൽ നിന്ന് പാഠമുൾക്കൊള്ളാനും കഴിയുമ്പോഴാണ് ഒരു ഫുട്ബോൾ ആരാധകൻ പൂർണ്ണനാകുന്നത്.
മലയാളികൾക്ക് മറക്കാനാകാത്ത സിനിമയായ സ്ഫടികത്തിൽ ആടുതോമയെ പലരും ഒരു ഗുണ്ടയായി മാത്രമാണ്​ കണ്ടത്​. പക്ഷേ ആ കഥാപാത്രത്തിന്റെ ജീവിതം അടുത്തറിയുന്നവർക്ക് അറിയാം, ആ മനുഷ്യന്റെ കഥ അതിനേക്കാൾ ആഴമുള്ളതാണെന്ന്. ഫുട്ബോളിലും പലപ്പോഴും അതുതന്നെയാണ് സംഭവിക്കുന്നത്.
ഇന്ന് അർജന്റീനയെ പലരും ഒരു ടീമെന്നതിലുപരി "തോൽക്കേണ്ട ടീം" എന്ന നിലയിലാണ് കാണുന്നത്. കാരണം ഓരോ എതിരാളിക്കും അവരുടെ സ്വന്തം നായകനുണ്ട്. ബ്രസീലിന് സ്വന്തം സ്വപ്നങ്ങളുണ്ട്. പോർച്ചുഗലിന് സ്വന്തം പ്രതീക്ഷകളുണ്ട്. ഫ്രാൻസിനും ഇംഗ്ലണ്ടിനും സ്പെയിനും അവരുടെ കഥകളുണ്ട്. ആ കഥകൾക്ക് പലപ്പോഴും അവസാനവരി എഴുതുന്നത് അർജന്റീനയാകുമ്പോൾ, സ്വാഭാവികമായും ആ ടീമിനോടുള്ള വിരോധവും കൂടുന്നു.
എന്നാൽ ഒരു ചോദ്യം മാത്രം ബാക്കി നിൽക്കുന്നു.
അർജന്റീനയെ വെറുക്കുന്നത് അവർ തെറ്റായ ഫുട്ബോൾ കളിക്കുന്നതുകൊണ്ടാണോ? അതോ അവർ വീണ്ടും വീണ്ടും ഫൈനലിലെത്തി, കിരീടങ്ങൾ ഉയർത്തി, ലോകഫുട്ബോളിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതുകൊണ്ടാണോ?
ഒരുപക്ഷേ അതാണ് വിജയത്തിന്റെ ഏറ്റവും വലിയ വില. 
അതുകൊണ്ട് അർജന്റീനയ്ക്ക് ലഭിക്കുന്ന 'ഹേറ്റ്', ഒരു തോൽവിയുടെ കഥയല്ല. മറിച്ച്, തുടർച്ചയായ വിജയങ്ങളുടെ നിഴലിൽ പിറന്ന അസൂയയുടെയും, ആധിപത്യം തകർക്കാൻ കഴിയാത്തതിലെ നിസ്സഹായതയുടെയും പ്രതിഫലനമാണ്.