‘സ്വർണവും പണവും ഏൽപ്പിക്കേണ്ട ബാധ്യതയില്ല’; വിവാഹസ്വത്തിനെക്കുറിച്ച് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം

വിവാഹശേഷം സ്ത്രീകൾ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർത്താവിന്റെ കുടുംബാംഗങ്ങളെയോ ഏൽപ്പിക്കണമെന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹച്ചെലവ് വിവാഹമോചനക്കേസുകളിൽ തിരിച്ചുനൽകാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

Jul 16, 2026 - 11:35
0
‘സ്വർണവും പണവും ഏൽപ്പിക്കേണ്ട ബാധ്യതയില്ല’; വിവാഹസ്വത്തിനെക്കുറിച്ച് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം

കൊച്ചി: പണ്ടുകാലങ്ങളിൽ വിവാഹശേഷം പെൺകുട്ടിയുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിന്റെ വീട്ടുകാരെ  ഏൽപ്പിക്കുന്ന പതിവ് പല കുടുംബങ്ങളിലും നിലനിന്നിരുന്നു. പെൺകുട്ടിയുടെ സ്വത്തുക്കൾ ഭർത്താവിന്റെ വീട്ടുകാരാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ, ഈ വിഷയത്തിൽ സുപ്രധാനമായ നിരീക്ഷണവുമായി ഹൈക്കോടതി രംഗത്തെത്തി.പുതിയകാലത്തെ സ്ത്രീകൾ വിദ്യാസമ്പന്നരും സ്വന്തം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവരുമായതിനാൽ, വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തുമ്പോൾ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർത്താവിന്റെ കുടുംബാംഗങ്ങളെയോ ഏൽപ്പിക്കുമെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കൂടാതെ, വിവാഹച്ചടങ്ങുകൾക്കായി ചെലവഴിക്കുന്ന തുക ഇരുകുടുംബങ്ങളുടെയും പൊതുചെലവായി കണക്കാക്കേണ്ടതാണെന്നും, അതിനാൽ വിവാഹമോചനക്കേസുകളിൽ ആ തുക ഭാര്യയ്ക്കോ ഭർത്താവിനോ തിരികെ നൽകാൻ ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ കുടുംബകോടതി വിധിച്ച നഷ്ടപരിഹാരത്തുക കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ഭർത്താവും കുടുംബാംഗങ്ങളും സമർപ്പിച്ച ഹർജി ഭാഗികമായി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് എ.കെ. പ്രീതയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.വിവാഹനിശ്ചയച്ചടങ്ങിൽ കൈമാറിയ അഞ്ചുലക്ഷം രൂപയും 80 പവൻ സ്വർണവും കൂടാതെ വിവാഹച്ചെലവായി ചെലവഴിച്ച 6,89,350 രൂപയും യുവതിക്ക് തിരികെ നൽകണമെന്നായിരുന്നു മൂവാറ്റുപുഴ കുടുംബകോടതിയുടെ ഉത്തരവ്.

വിവാഹനിശ്ചയ ദിവസം അഞ്ചുലക്ഷം രൂപ കൈമാറിയതിന് തെളിവുള്ളതിനാൽ അത് തിരികെ നൽകേണ്ടതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹസമയത്ത് യുവതിക്ക് 80 പവൻ സ്വർണം ഉണ്ടായിരുന്നതായി എസ്.എൻ.ഡി.പി. യോഗം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്ന് ഭർത്താവ് പണയം വയ്ക്കുന്നതിനായി 30 പവൻ സ്വർണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നും, ആ സ്വർണം തിരികെ നൽകണമെന്നും കോടതി നിർദേശിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User