ബിജെപിയുടെയും ആർഎസ്എസിന്റെയും വെറുപ്പിനെ ജനങ്ങൾ തിരിച്ചറിയുന്നു: രാഹുൽ ഗാന്ധി
ബിജെപിയുടെയും ആർഎസ്എസിന്റെയും വെറുപ്പിനെ ജനങ്ങൾക്ക് തിരിച്ചറിയുവാനും മനസ്സിലാക്കുവാനും കഴിയുന്നുവെന്ന് രാഹുൽ ഗാന്ധി. ഇന്നലെ ചവറയിൽ നിന്നും ആരംഭിച്ച പദയാത്ര കരുനാഗപ്പള്ളിയിൽ സമാപിച്ചപ്പോൾ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ആളുകളാണ് ഈ യാത്രക്കൊപ്പം അണിചേരുന്നത്. അതിൽ എല്ലാ ജനവിഭാഗങ്ങളും ഉൾപ്പെടുന്നു. മറ്റു രാഷ്ട്രീയപാർട്ടികളിൽ ഉള്ളവർ പോലും യാത്രയ്ക്ക് പിന്തുണയുമായി കടന്നുവരുന്നു. അത് ഈ യാത്രയുടെ ഉദ്ദേശശുദ്ധിയെ കണ്ടുകൊണ്ടാണ്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിഭജനം ഭരണകൂടം രാജ്യത്ത് നടപ്പാക്കുകയാണ്. ആർഎസ്എസ് വനിതകളെ രണ്ടാംതരം പൗരന്മാരായി കാണുകയാണ്. കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങൾ അവരെ വിലയിരുത്തുന്നുണ്ട്. പരസ്പരം വെറുക്കപ്പെടുമ്പോൾ രാജ്യം ദുർബലമാകും. വെറുപ്പ് പടർത്താൻ എളുപ്പമാണ്. രാജ്യത്ത് സമാധാനം ഉണ്ടാകണം. അത് തിരിച്ചറിഞ്ഞുകൊണ്ട് യാത്രയിൽ അണിചേരുന്ന ജനങ്ങൾ രാഷ്ട്രത്തെ ദുർബലപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ജോഡോ യാത്ര മുന്നോട്ടുവക്കുന്നത് ഒരു പുതിയ ആശയമൊന്നുമല്ല, ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയും ഉയർത്തിക്കാട്ടിയ അതേ യോജിപ്പിന്റെ ആശയം തന്നെയാണ് ജോഡോ യാത്രയും മുന്നോട്ടുവെക്കുന്നത്. ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് രാജ്യം ഇന്ന് നേരിടുന്ന ഗുരുതര പ്രശ്നം. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയാണ്. ഈ പൊതുമേഖലാ സ്ഥാപനങ്ങൾ പോകുന്നത് സർക്കാർ പിന്തുണയ്ക്കുന്ന അഞ്ചോ ആറോ സമ്പന്നരിലേക്കാണ്. പെട്രോൾ വിലയും റോഡുകളുടെ സാഹചര്യവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. കേരളത്തിലെ റോഡുകൾ ഒട്ടും സുരക്ഷിതമല്ല. കശുവണ്ടി തൊഴിലാളികളും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ സംസ്ഥാന സർക്കാരിനും കഴിയും. ലോക്സഭയിൽ അവരുടെ വിഷയം ഉന്നയിക്കും. അധികാരവും സമ്പത്തും വ്യക്തികളിലേക്ക് കേന്ദ്രീകരിച്ച് വിഭജിച്ചു ഭരിക്കുകയെന്ന ബിജെപി അജണ്ടയെ പരാജയപ്പെടുത്തുവാനാണ് ജോഡോ യാത്രയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു