പദവി തേടി തോമസ് തലസ്ഥാനത്ത്; പിണറായിക്ക് അതൃപ്തി

പദവി തേടി തോമസ് തലസ്ഥാനത്ത്; പിണറായിക്ക് അതൃപ്തി

ഇടവേളയ്ക്ക് ശേഷം തലസ്ഥാനതെത്തി മുഖ്യമന്ത്രിയെ കെ വി തോമസ് കണ്ടു. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കെ വി തോമസ്. വികസന പദ്ധതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറി. പദവികള്‍ തരണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ക്യാബിനറ്റ് പദവി ലഭിക്കുമെന്ന് പറഞ്ഞെങ്കിലും നടപടികളുണ്ടായില്ല. ഇതിന് പിന്നാലെയാണ് തോമസ് തലസ്ഥാനതെത്തിയത്. വ്യാഴാഴ്ച്ചയാണ് കെവി തോമസ് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടത്. വികസന സാധ്യത കൂടുതലുള്ള മേഖലയെ പറ്റി സംസാരിച്ചതായി തോമസ് പറഞ്ഞു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം എങ്ങനെ ലഭ്യമാക്കാം, തുടര്‍ന്നുള്ള വികസനം എങ്ങനെയാവണം എന്നീ കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പദവിയോ സ്ഥാനത്തെ കുറിച്ചോ സംസാരിച്ചില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ വി തോമസ് വ്യക്തമാക്കി. എന്നാല്‍ ആദ്യത്തെ ആവേശം മുഖ്യമന്ത്രിക്കില്ലെന്നാണ് തോമസിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. തൃക്കാക്കരയില്‍ ജയിക്കാമെന്ന കണക്ക്കൂട്ടലില്‍ തോമസിനെ മുഖ്യമന്ത്രി കൂടെ കൂട്ടിയെങ്കിലും ഗുണം കിട്ടിയില്ല. ഇതാണ് ഇപ്പോഴത്തെ നീരസത്തിന് കാരണമെന്നാണ് നിഗമനം. പദവി സംബന്ധിച്ച് നോക്കാമെന്ന് അറിയിച്ച മുഖ്യമന്ത്രി ഉറപ്പ് നല്‍കിയില്ല. ഇടത് സഹയാത്രികനായ കെ വി തോമസ് പദവികള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്.