വളരുന്ന തലമുറയിൽ വർഗ്ഗീയ വിഷം കുത്തിവെക്കുന്നത് നമ്മൾ ഒന്നിച്ച് നിന്ന് ചെറുക്കണം: ടി സിദ്ദിഖ്
മതേതര ജനാധിപത്യ രാജ്യത്ത് അത്യന്തം അപകടമാണ്
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ ഒരു കുട്ടിയെകൊണ്ട് വിവാദ മുദ്രാവാക്യം വിളിപ്പിച്ച നടപടിയെ അപലപിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എം എൽ എ ഫേസ്‍ബുക്കിലിട്ട കുറിപ്പ് വൈറലായി.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ആലപ്പുഴയിൽ പോപുലർ ഫ്രണ്ടിന്റെ റാലിയിൽ ഒരു കുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ നടുക്കത്തോടെയാണു കേട്ടത്. ആർ എസ് എസിനെതിരെ എന്ന ലേബലിൽ കുഞ്ഞുങ്ങളുടെ മനസ്സിൽ പോലും വിഷം കുത്തി വെക്കുന്നത് മതേതര ജനാധിപത്യ രാജ്യത്ത് അത്യന്തം അപകടകരമാണ്. ആർ എസ് എസ് എത്ര ശ്രമിച്ചിട്ടും കേരളത്തിൽ ക്ലച് പിടിക്കാത്തത് മുസ്ലിംകൾ മാത്രം തടഞ്ഞ് നിർത്തുന്നത് കൊണ്ടല്ല. ഹിന്ദുക്കളും ക്രിസ്ത്യനികളും ഒന്നടങ്കം പ്രതിരോധിക്കുന്നത് കൊണ്ട് കൂടിയാണു. മുസ്ലിംകൾക്കെതിരെ ഉയരുന്ന അനീതികളെ അവർ മതേതര മനസ്സ് കൊണ്ട് ചെറുക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളും മത സാംസ്കാരിക സംഘടനകളും ഒന്നടങ്കം മുസ്ലിംകൾക്ക് വേണ്ടി നില കൊള്ളുന്നു. എന്നാൽ മുസ്ലിംകളുടെ അരക്ഷിതാവസ്ഥ രാഷ്ട്രീയമായി മുതലാക്കാനും അത് വഴി ആർ എസ് എസിനും ബിജെപിക്കും അവർ ആഗ്രഹിക്കുന്ന രീതിയിൽ അവസരം ഒരുക്കിക്കൊടുക്കാനും ചിലർ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. വളരുന്ന തലമുറയിൽ ഇത് പോലെ വിഷം കുത്തി വെക്കുന്നത് നമ്മൾ ഒന്നിച്ച് നിന്ന് ചെറുക്കണം. ഇങ്ങനെയൊരു കുട്ടി സ്കൂളിൽ പോകുമ്പോൾ അവൻ മറ്റ് മതത്തിലെ കുട്ടികളോട് എന്ത് സമീപനം സ്വീകരിക്കും എന്നത് ഭയപ്പെടുത്തുന്നു. മുസ്ലിംകൾ അവരുടെ തോളിൽ കയറി ഇരിക്കില്ല, നമുക്ക് ഒരുമിച്ച് വർഗീയ വിപത്തിനെ നേരിടേണ്ടതുണ്ട്. ആർ എസ് എസിനെ കാണിച്ച് ബാലൻസ് ചെയ്യേണ്ട ഒന്നല്ല ആ മുദ്രാവാക്യം. അത് തിരുത്തപ്പെടണം, ചെറുക്കപ്പെടണം.