കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടു പേർ, 17ന് വോട്ടെടുപ്പ്
നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് ആരും പത്രിക പിൻ വലിക്കാത്തതിനാൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടു പേരുടെ നാമനിർദേശ പത്രികകൾ നിലനിൽക്കുന്നതായി തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി. കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള നേതാവ് ശശി തരൂരുമാണ് മത്സര രംഗത്തുള്ളത്. ഇരുവരും മത്സര രംഗത്തുണ്ടെന്നും രണ്ടു പേർക്കും പരസ്യ പ്രചാരണത്തിന് അനുമതിയുണ്ടെന്നും മിസ്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂർവവുമാണ്. ഹൈക്കമാൻഡ് നേരിട്ടു സ്ഥാനാർഥിയെ നിത്തിയിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രണ്ടു പേർ രംഗത്തുള്ളതിനാൽ ഈ മാസം 17ന് വോട്ടെടുപ്പ് നടക്കും. രാജ്യത്തെമ്പാടുമായി 69 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. എഐസിസി ആസ്ഥാനത്തും മുഴുവൻ പിസിസി ഓഫീസുകളിലും നേരിട്ട് ഹാജരായി വോട്ട് രേഖപ്പെടുത്താം. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന വോട്ടർമാർക്ക് അവർ യാത്രയിലുള്ള സ്ഥലത്ത് വോട്ട് രേഖപ്പെടുത്താൻ അനുമതി നൽകി. എന്നാൽ ആർക്കും പോസ്റ്റൽ വോട്ടില്ല. ഈ മാസം 19ന് ഡൽഹിയിലാണ് വോട്ടെണ്ണൽ. ഫലവും അന്നറിയാം.