നികൃഷ്ട മാര്‍ഗം സ്വീകരിക്കുന്നു; ഗവര്‍ണര്‍ക്കെതിരെ സിപിഐ
തിരുവനന്തപുരം: ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ദ് ഖാന്റെ നടപടിയെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പകല്‍ പോലെ വ്യക്തമാകുന്നു. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടേണ്ട സമയത്ത് അത് ചെയ്യാതെ അസാധുവാക്കുകയെന്ന നികൃഷ്ട മാര്‍ഗമാണ് അദ്ദേഹം സ്വീകരിച്ചതെന്നും ജനയുഗം ഇന്നത്തെ എഡിറ്റോറിയലില്‍ ആരോപിക്കുന്നു. 'ഗവര്‍ണര്‍ പദവി പാഴാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ഒരിക്കല്‍കൂടി തെളിയിച്ചു. സംഘപരിവാറിന്റെ തട്ടകത്തില്‍ നിന്ന് കേരള ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് ഭരണ നിര്‍വഹണം പ്രതിസന്ധിയിലാക്കുന്നതിനുള്ള നീക്കം തുടരുകയാണ്. ഇതിന് മുമ്പും അദ്ദേഹം രാജ്ഭവനെ രാഷ്ട്രീയവേദിയാക്കുന്നതിന് ശ്രമിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ നീക്കാതെ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കില്ലെന്ന് വാശിപിടിച്ച സന്ദര്‍ഭമുണ്ടായിട്ടുണ്ട്. എന്നാല്‍ നയപ്രഖ്യാപനം ഗവര്‍ണര്‍ വായിക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണ് എന്നതിനാല്‍, വാശിക്കൊടുവില്‍ വഴങ്ങേണ്ടിവന്നതും കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ വായിക്കാതെ ഒഴിവാക്കിയതുമെല്ലാം ആരിഫ് മുഹമ്മദ്ഖാന്‍ വന്നതിനുശേഷം നടന്നതാണ്. വായിച്ചില്ലെങ്കിലും അത് സഭാരേഖകളിലുണ്ടാകുമെന്നതിനാല്‍ മുഹമ്മദ്ഖാന്‍ ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യനാകുകയും ചെയ്തു', മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.