16-കാരിയുടെ അണ്ഡം വിൽപന നടത്തിയ സംഭവം: തമിഴ്‌നാട്ടിൽ നാല് ആശുപത്രികൾ അടച്ചുപൂട്ടും

16-കാരിയുടെ അണ്ഡം വിൽപന നടത്തിയ സംഭവം: തമിഴ്‌നാട്ടിൽ നാല് ആശുപത്രികൾ അടച്ചുപൂട്ടും

16-കാരിയുടെ അണ്ഡം വിൽപന നടത്തിയെന്ന സംഭവത്തിൽ  തമിഴ്‌നാട്ടിലെ നാല് ആശുപത്രികൾ അടച്ചിടാൻ നിർദ്ദേശം നൽകി.
രോഗികളുടെ താത്പര്യം കണക്കിലെടുത്ത് ആശുപത്രികള്‍ അടച്ചിടാന്‍ രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ട് ആശുപത്രികള്‍ സംസ്ഥാന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരമുള്ള എംപാനല്‍മെന്റ് നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലേയും ആന്ധാപ്രദേശിലേയും ഓരോ ആശുപത്രികളും അണ്ഡവില്‍പനയില്‍ പങ്കാളികളായിട്ടുണ്ടെന്നും ആരോപണമുണ്ട്.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ആക്ട് ലംഘിച്ചുവെന്നാണ് ആശുപത്രികള്‍ക്കെതിരായ ആരോപണം. മതിയായ യോഗ്യതയുള്ള കൗണ്‍സിലർമാര്‍ ആശുപത്രികളിലുണ്ടായിരുന്നില്ല. അണ്ഡദാനം സംബന്ധിച്ച നടപടികളുടെ ഗുണദോഷങ്ങളേക്കുറിച്ച് പെണ്‍കുട്ടിക്ക് വേണ്ട ഉപദേശം നല്‍കിയില്ലെന്നും അന്വേഷണസമിതി കണ്ടെത്തി.
അനധികൃതമായി ആധാര്‍ നിര്‍മിച്ചതിനെതിരേയും പോക്‌സോ വകുപ്പുകളും ചേര്‍ത്താണ് അധികൃതര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താനൊരുങ്ങുന്നത്. ആശുപത്രികള്‍ക്ക് 50 ലക്ഷംവരെ പിഴയും, ഇതിലുള്‍പ്പെട്ട ഡോക്ടര്‍മാര്‍ക്ക് പത്ത് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി പറഞ്ഞു.