അവിവാഹിതയാണെന്ന കാരണത്താൽ ഗർഭഛിദ്രം നിഷേധിക്കാനാവില്ല- സുപ്രീംകോടതി

അവിവാഹിതയാണെന്ന കാരണത്താൽ ഗർഭഛിദ്രം നിഷേധിക്കാനാവില്ല- സുപ്രീംകോടതി

2021 ലെ ഭേദഗതി അനുസരിച്ച് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടില്‍ ഭര്‍ത്താവ് എന്ന പദത്തിന് പകരം പങ്കാളി എന്ന പദമാണ് ഉപയോഗിക്കുന്നതെന്നും അക്കാരണത്താല്‍ തന്നെ അവിവാഹിതരായ സ്ത്രീകളും ആക്ടിന്റെ പരിധിയില്‍ വരുമെന്നതിനാലും,അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

     ഇക്കാര്യം ചുണ്ടിക്കാട്ടി 24 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാനുള്ള ഇരുപത്തഞ്ചുകാരിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി,

ഗര്‍ഭം അലസിപ്പിക്കുന്നതുമൂലം യുവതിയുടെ ജീവന് ഭീഷണിയുണ്ടാകാനിടയാകുമോയെന്ന കാര്യം പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാനവിധി.

ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിന്റെ ഫലമായ ഗര്‍ഭം അലസിപ്പിക്കാനുള്ള യുവതിയുടെ അവകാശം നിഷേധിക്കാവുന്നതല്ലെന്ന് കോടതി എടുത്തുപറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി തേടി യുവതി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി റൂള്‍സിന്റെ പരിധിയില്‍ വിവാഹിതരായ സ്ത്രീകള്‍ മാത്രമേ വരുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതി ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ചത്. നിയമത്തിന്റെ വ്യവസ്ഥകള്‍ അനുചിതമായി പരിമിതപ്പെടുത്തുന്ന കാഴ്ചപ്പാടാണ് ഡല്‍ഹി ഹൈക്കോടതിയുടേതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

2021 ലെ ഭേദഗതി അനുസരിച്ച് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടില്‍ ഭര്‍ത്താവ് എന്ന പദത്തിന് പകരം പങ്കാളി എന്ന പദമാണ് ഉപയോഗിക്കുന്നതെന്നും അക്കാരണത്താല്‍ തന്നെ അവിവാഹിതരായ സ്ത്രീകളും ആക്ടിന്റെ പരിധിയില്‍ വരുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹബന്ധത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്കൊപ്പം തന്നെ വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും 20-24 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതിയ്ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. അനാവശ്യമായ ഗര്‍ഭം മൂലം ഹര്‍ജിക്കാരി ബുദ്ധിമുട്ട് നേരിടാന്‍ അനുവദിക്കുന്നത് നിയമത്തിന്റെ ലക്ഷ്യത്തേയും പൊരുളിനേയും ഖണ്ഡിക്കുന്നതാണെന്നും കോടതി പരാമര്‍ശിച്ചു.