സ്വപ്‌ന സുരേഷിനെതിരെ വീണ്ടും പൊലീസ് കേസ്
എല്ലാ കേസുകളും പ്രതികാര നടപടിയാണ്
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് എതിരെ വീണ്ടും കേസെടുത്ത് പൊലീസ്. കലാപ ആഹ്വാന ശ്രമത്തിനാണ് കേസെടുത്തത്. സിപിഐഎം നേതാവ് സി.പി.പ്രമോദിന്റെ പരാതിയിൽ കസബ പൊലീസാണ് സ്വപ്നക്ക് എതിരെ കേസെടുത്തിരിക്കുന്നത്. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കൽ, ഐടി 65 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരത്തേ നൽകിയ മൊഴികൾക്ക് എതിരായ പരസ്യ പ്രസ്താവന നടത്തി സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പാലക്കാട് ഡിവൈഎസ്പിക്കാണ് പ്രമോദ് പരാതി നൽകിയത്.സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.സ്വപ്നയുടെ മൊഴികൾ വിശ്വസിച്ച് ചിലർ ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം എന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ മുൻ മന്ത്രി കെ ടി ജലീലും ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പരാതി നൽകിയിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെയും നിയോഗിച്ചു.
അതേസമയം കെ ടി ജലീലിന്റെ പരാതിയെ തുടർന്ന് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകി.ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പി സി ജോർജ്ജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി കേസ് എടുത്തത്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ രഹസ്യ മൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസെടുക്കാൻ കാരണമെന്നാണ് സ്വപ്നയുടെ വാദം.