ഭാരത് ജോഡോ യാത്രയിൽ അണി ചേർന്ന് സോണിയ ഗാന്ധി, ആവേശമായി ജനസാഗരമിരമ്പി
പൂജാ മഹോത്സവങ്ങളിൽ മുങ്ങി രണ്ടു ദിവസം വിശ്രമിച്ച ശേഷം ഇന്നു പുലർച്ചെ വീണ്ടെടുത്ത ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടി പ്രസിഡന്റിന്റെ വരവോടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ആവേശം അലകടലായി ആർത്തരമ്പി. ആയിരങ്ങളാണ് പാണ്ഡവ പുരയിലെത്തിയത്. ബെല്ലാലെ ഗ്രാമത്തിൽ വച്ചാണ് സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്.
യാത്രയിൽ അണിചേരാൻ തിങ്കളാഴ്ച തന്നെ അവർ ബെംഗളൂരുവിലെത്തിയിരുന്നു. കുടകിലെ റിസോർട്ടിൽ വിശ്രമിക്കുകയായിരുന്ന സോണിയ ഗാന്ധി, വിജയ ദശമി ദിനമായ ഇന്നലെ എച്ച്ഡി കോട്ടയിലെ രണ്ട് ക്ഷേത്രങ്ങളിലെത്തി ദർശനം നടത്തി. ഇവിടുത്തെ നവരാത്രി മഹോത്സവങ്ങളുടെ സമാപന ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. ഇന്നു രാവിലെ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ അവർ പാണ്ഡവപുരയിലെത്തി. രാഹുൽ ഗാന്ധിയുമായി അല്പസമയം സംസാരിച്ച ശേഷം പദയാത്രയിൽ അണി ചേർന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ സോണിയ കൂടുതൽ ദൂരം നടന്നില്ല. എന്നാൽ ഏതാനും ദിവസം കൂടി അവർ കർണാടകയിൽത്തന്നെ ഉണ്ടാകും. ബെല്ലാരിയിൽ ഒരുക്കുന്ന മഹറാലിയിൽ അവർ പ്രസംഗിക്കും. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വരുന്നുണ്ട്. മിക്കവാറും നാളെ എത്തുമെന്നാണ് പ്രതീക്ഷക്കുന്നത്. ഈ മാസം 18നോ 19നോ നടക്കുന്ന കോൺഗ്രസ് മഹാറാലിയിൽ പ്രിയങ്കയും പങ്കെടുക്കും.
