സ്പെയിനിന്റെ ഫുട്ബോൾ കാവ്യം: ഫ്രഞ്ച് വിപ്ലവത്തെ തല്ലിക്കെടുത്തിയ ടിക്കിടാക്കയുടെ തിരിച്ചുവരവ്!

return of Tiki-Taka that crushed world number-one France to propel Spain into the World Cup final

സ്പെയിനിന്റെ ഫുട്ബോൾ കാവ്യം: ഫ്രഞ്ച് വിപ്ലവത്തെ തല്ലിക്കെടുത്തിയ ടിക്കിടാക്കയുടെ തിരിച്ചുവരവ്!

കെ.എസ്.ആർ.ടി.സിയുടെ മിന്നൽ സൂപ്പർ ഫാസ്റ്റ് ബസുകളേക്കാൾ വേഗതയും കൃത്യതയുമായിരുന്നു ഈ ലോകകപ്പിലെ സെമി ഫൈനലിന് മുമ്പ് വരെ ഫ്രാൻസ്ടീമിൽ കണ്ടത്. സെമി ഫൈനലിൽ നനഞ്ഞ പടക്കം പോലെ അതൊരു ഓർഡിനറി സർവീസായി കിതച്ചു. 

"ഫുട്ബോൾ വ്യക്തികളുടെ കളിയല്ല, ആശയങ്ങളുടെ യുദ്ധമാണ്." ഫ്രാൻസിനെതിരായ ലോകകപ്പ് സെമി ഫൈനലിൽ സ്പെയിൻ ലോകത്തിന് പഠിപ്പിച്ച ഏറ്റവും വലിയ പാഠം അതാണ്.

സ്പെയിൻ കൃത്യമായ പദ്ധതികളും നീക്കങ്ങളുമായാണ് ഗ്രൗണ്ടിലിറങ്ങിയത്.
പന്ത് പോയാലും കൊച്ചുകുട്ടിയുടെ വാശി പോലെ സെക്കൻ്റുകൾക്കകം അത് തിരിച്ചു പിടിക്കുന്ന ആത്മവിശ്വാസം, കൃത്യതയാർന്ന പാസുകൾ, അച്ചടക്കമുള്ള പ്രതിരോധം, ആക്രമണത്തിലെ വേഗത – സ്പാനിഷ് ഫുട്ബോളിന്റെ തനത് ടിക്കിടാക്ക സ്റ്റൈൽ എതിരാളിക്ക് അവസരങ്ങൾ പരിമിതപ്പെടുത്തി, സ്വന്തം താളത്തിൽ മത്സരം നിയന്ത്രിച്ചാണ് സ്പെയിൻ ഫൈനലിലേക്കുള്ള വഴി വെട്ടിയത്. വ്യക്തിമികവിനെക്കാൾ കൂട്ടായ്മയുടെ കരുത്താണ് സ്പെയിൻ വീണ്ടും ലോകത്തോട് പറഞ്ഞത്. 
സാമൂഹിക മാധ്യമങ്ങളിൽ നാടോടിക്കാറ്റ് എന്ന വിഖ്യാത മലയാള സിനിമയിലെ തിലകൻ ഉൾപ്പെടുന്ന വില്ലൻ സംഘം പറയുന്ന ഡയലോഗ് ദാ ഇങ്ങെനെ തരംഗമായികൊണ്ടിരിക്കുകയാണ്.

എന്തൊക്കെയായിരുന്നു, അമ്പും വില്ലും, മെഷീൻ ഗണ്ണ്,...
 ബോക്സിലേക്ക് ചെരിഞ്ഞു കയറുന്ന എമ്പാപെ... വലയിലേക്ക് പുളഞ്ഞു കയറുന്ന ഡെമ്പലെ! തളികയിൽ അസിസ്റ്റ് ഉരുട്ടി കൊടുക്കുന്ന ഓലീസെ..! വെടിയുണ്ടയെ തോല്പിക്കുന്ന ഡ്യുവ! അവസാനം ഫ്രാൻസ് പെട്ടി മടക്കി!!

 ഫ്രഞ്ച് പഞ്ച്, ഫ്രഞ്ച് വിപ്ലവം, ഫ്രാൻസിന് ഹാട്രിക്ക് ഫൈനൽ, ഫ്രഞ്ച് പടയെ തൊടാൻ ആരുണ്ടെടാ?  സെമി ഫൈനലിൽ സ്പെയിനെ തോൽപ്പിച്ചാൽ വാർത്തകൾക്ക് തലക്കെട്ടിടാൻ വെച്ചിരുന്ന വാചകങ്ങളിൽ ചിലതാണ് ആവിയായി പോയത്. എന്തു ഫ്രാൻസ് ഏത് ഫ്രാൻസ് എന്ന അവസ്ഥയായിപ്പോയി ഒടുക്കം. സൂപ്പർ സ്ട്രൈക്കർ എംബാപ്പെക്കടക്കം കോൺഫിഡൻസ് പോയ അവസ്ഥയായിരുന്നു. 

ചില വിജയങ്ങൾ സ്കോർബോർഡിൽ മാത്രം രേഖപ്പെടുത്തപ്പെടുന്നവയാണ്. എന്നാൽ ചില വിജയങ്ങൾ ചരിത്രത്തിന്റെ താളുകളിലാണ് എഴുതപ്പെടുന്നത്. ഫ്രാൻസിനെതിരായ സ്പെയിനിന്റെ ഈ വിജയം രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നതാണ്. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഫ്രാൻസിനെ കീഴടക്കി ലോകകപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്ത സ്പെയിൻ ഒരു മത്സരമല്ല ജയിച്ചത്; ലോക ഫുട്ബോളിൽ തങ്ങളുടെ ആധിപത്യം തെളിയിച്ച് വിശ്വ കിരീടത്തിന് തൊട്ടടുത്ത് ലാൻഡ് ചെയ്യുകയാണ് ചെയ്തത്.

ലോകം ഏറെക്കാലമായി ഒരു ചോദ്യത്തിന് ഉത്തരമന്വേഷിക്കുകയായിരുന്നു. സാവി–ഇനിയേസ്റ്റ–ബുസ്കെറ്റ്സ് കാലഘട്ടത്തിൽ ലോകത്തെ വിസ്മയിപ്പിച്ച ടിക്കിടാക്ക അവസാനിച്ചോ? അതോ അത് പുതിയൊരു രൂപത്തിൽ തിരിച്ചുവരുമോ? ആ ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഈ സെമി ഫൈനൽ.

ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പെയിൻ പഴയ ടിക്കിടാക്കയെ പൊടിതട്ടിയെടുത്ത് കളിക്കുകയല്ല ചെയ്തത്. അതിന് ആധുനിക ഫുട്ബോളിന്റെ വേഗവും ആക്രമണാത്മകതയും ചേർത്ത് ഒരു പുതിയ മുഖം നൽകി. പന്ത് കൈവശം വെക്കുക മാത്രമല്ല, എതിരാളിയുടെ മനസ്സും മത്സരത്തിന്റെ താളവും കൈവശം വെക്കുന്ന രീതിയിലാണ് സ്പെയിൻ കളിച്ചത്.

മത്സരത്തിന്റെ ആദ്യ വിസിൽ മുതൽ അവസാന വിസിൽ വരെ ഫ്രാൻസ് ഒരിക്കൽ പോലും സ്വന്തം താളം കണ്ടെത്തിയില്ല. കാരണം, സ്പെയിൻ അവരെ അതിന് അനുവദിച്ചില്ല.പന്ത് നഷ്ടപ്പെട്ടാൽ നിമിഷങ്ങൾക്കകം തിരിച്ചുപിടിക്കുന്ന ഹൈ പ്രെസ്സിംഗ്, മധ്യനിരയിലെ അപ്രമാദിത്വം, കൃത്യതയാർന്ന ചെറിയ പാസുകൾ, ആക്രമണത്തിലേക്കുള്ള അതിവേഗ പരിവർത്തനം, പ്രതിരോധത്തിലെ അച്ചടക്കം—ഓരോ ഘടകവും ഒരേ ലക്ഷ്യത്തിലേക്കായിരുന്നു. എതിരാളിയെ ശ്വാസംമുട്ടിക്കുക.
അതാണ് സ്പെയിൻ ചെയ്തത്.

ഫ്രാൻസിന്റെ കരുത്ത് എന്തുകൊണ്ട് തകർന്നു?

എംബാപ്പെ, ഡെംബലെ, ഡ്യൂവെ... ലോകത്തിലെ ഏത് പ്രതിരോധത്തിനും പേടി ജനിപ്പിക്കുന്ന പേരുകൾ. എന്നാൽ സെമി ഫൈനലിൽ അവർക്ക് ഭീഷണിയാകാൻ പോലും കഴിഞ്ഞില്ല.
കാരണം, സ്പെയിൻ താരങ്ങളെ അടച്ചുപൂട്ടിയതല്ല. അവരുടെ വഴികൾ അടച്ചുപൂട്ടുകയായിരുന്നു.
മധ്യനിരയിൽ നിന്ന് മുന്നേറ്റനിരയിലേക്കുള്ള എല്ലാ ബന്ധങ്ങളും സ്പാനിഷ് താരങ്ങൾ വിച്ഛേദിച്ചു. പന്ത് ലഭിക്കാതെ എംബാപ്പെ ഒറ്റപ്പെട്ടു. ഡെംബലെയുടെ വേഗം ഉപയോഗശൂന്യമായി. ഫ്രാൻസിന്റെ കൗണ്ടർ അറ്റാക്കുകൾ ആരംഭിക്കും മുമ്പേ അവസാനിച്ചു.
സ്പെയിൻ പന്ത് പിടിച്ചടക്കി കളിച്ചപ്പോൾ ഫ്രാൻസ് പിന്തുടർന്നു. 
സ്പെയിൻ ആക്രമിച്ചപ്പോൾ ഫ്രാൻസ് പിന്നോട്ട് ഓടി.

"ഈ ലോകകപ്പിൽ ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. ഫ്രാൻസ് ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അത് സ്പെയിനിനെയായിരിക്കും." 18കാരൻ ലാമിൻ യമാലിന്റെ വാക്കുകൾ മത്സരത്തിന് മുമ്പ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ചിലർ അത് അമിത ആത്മവിശ്വാസമെന്ന് വിമർശിച്ചു. എന്നാൽ കളി തുടങ്ങിയതോടെ ആ വാക്കുകൾക്ക് വലിയ മാനങ്ങളുണ്ടായിരുന്നുവെന്ന് കളി പ്രേമികൾക്ക് ബോധ്യമായി.

സെമിയിൽ ഏതുവിധേനയും ഫ്രാൻസ് ജയിക്കുമെന്നായിരുന്നു മത്സരം തുടങ്ങും മുമ്പ് വരെ അധികം പേരും കരുതിയിരുന്നത്. കാരണം ഒരു പണത്തൂക്കം മുമ്പിൽ ഫ്രഞ്ച് നിരയായിരുന്നു. അതി ശക്‌തരെന്ന് തെളിയിച്ചാണ് അവർ സെമിയിലേക്ക് രാജകീയമായി പ്രവേശിച്ചത് പോലും.  എന്നാൽ
ശത്രുവിനെ തകർക്കണം എങ്കിൽ അവരുടെ സപ്ലൈ ചെയിൻ തകർക്കുക എന്ന ഒരു നിയമമുണ്ട്.. ആ നിയമം അത്രയും കൃത്യമായി സ്‌പെയിൻ ചെയ്തു. അതാണ് സെമിയിൽ കണ്ടത്.

ഫുട്ബോളിൽ നിർണായക നോക്കൗട്ട് മത്സരങ്ങളിൽ മാനസിക ശക്തിക്ക് വലിയ വിലയുണ്ട്. ആദ്യ റൗണ്ടിൽ അൽപം അലസമായി, ഒരു കളി തോറ്റാലും പിന്നെയും രണ്ടെണ്ണം ബാക്കിയുണ്ടല്ലോ എന്ന നിഗമനത്തിൽ കളിക്കും പോലെയല്ല ഡൂ ഓർ ഡൈ നോക്കൗട്ട് പ്രെഷർ. സെമി ഫൈനലിൽ സ്പെയിൻ അതാണ് പ്രകടിപ്പിച്ചത്. അവർ സമ്മർദത്തിലായില്ല. മറിച്ച്, സമ്മർദം മുഴുവൻ ഫ്രാൻസിന്റെ തോളിലേക്കാണ് മാറ്റിയത്.
റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഫ്രഞ്ച് ടീം തന്നെയായിരുന്നു ഭയപ്പെട്ട് കളിച്ചത്.
റാങ്കിങ്ങിൽ താഴെയായിരുന്ന ടീമാണ് ഭയമില്ലാതെ കളിച്ചത്.
അതായിരുന്നു യഥാർത്ഥ വ്യത്യാസം.

ലോക ഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ് ഫ്രാൻസ്. ഏതൊരു എതിരാളിയെയും സമ്മർദ്ദത്തിലാക്കുന്ന നിരവധി ഘടകങ്ങളാണ് അവരുടെ ശക്തി.
ഫിഫ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം.
ആദ്യ ഇലവനിൽ തന്നെ നിരവധി സൂപ്പർ ക്ലബുകളുടെ സൂപ്പർ താരങ്ങളുള്ള ടീം.
റിസർവ് ബെഞ്ചിലിരിക്കുന്നവരിൽ പോലും റയൽ മാഡ്രിഡ്, പി.എസ്.ജി, ബയേൺ മ്യൂണിക്, ആഴ്‌സനൽ, ബാഴ്സലോണ തുടങ്ങിയ വമ്പൻ ക്ലബുകളുടെ താരങ്ങൾ.
കൗണ്ടർ അറ്റാക്കിലും മുന്നേറ്റത്തിലും നിമിഷങ്ങൾക്കകം മത്സരം മാറ്റിമറിക്കാൻ കഴിവുള്ള  ആയുധശേഖരം നിറച്ച ടീം. ലോകകപ്പും യൂറോയും പോലുള്ള വേദികളിൽ സ്ഥിരമായി സെമിയും ഫൈനലും കളിച്ച അനുഭവം. ഇത്രയും മതി എതിരാളികൾക്ക് ഭയപ്പെടാൻ. സെമി ഫൈനൽ വരെ അത് അങ്ങനെ തന്നെ ആയിരുന്നു താനും. എന്നാൽ
സ്പെയിന്റെ ഏറ്റവും വലിയ ആയുധം പന്ത് കൈവശം വയ്ക്കുന്ന ശൈലിയാണ് എന്നത് ഫ്രഞ്ചുകാർ നിസ്സാരമായി കണ്ടിരിക്കുമോ കളിക്കു മുമ്പ് വരെ.

എതിരാളിക്ക് ആക്രമിക്കാൻ അവസരം തന്നെ കുറച്ച് കളിയുടെ വേഗവും താളവും നിയന്ത്രിക്കുന്നത് അവരായിരിക്കുമെന്നത് പ്ലാൻ ചെയ്യാതെയാണോ ഫ്രഞ്ച് ടീം സെമിക്കിറങ്ങിയത്.
ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡുകളിൽ ഒന്നാണ് സ്പെയിനിന്റേത് എന്നും പന്ത് വീണ്ടെടുക്കാനും ആക്രമണം കെട്ടിപ്പടുക്കാനും കളിയുടെ ഗതി മാറ്റാനും ഇവർക്ക് അസാധാരണ കഴിവുണ്ടെന്നും ഫ്രഞ്ചുകാർക്ക് അറിയാത്തതല്ലല്ലോ.
സമ്മർദ സാഹചര്യങ്ങളിലും അവർ പന്ത് നഷ്ടപ്പെടുത്തുന്നത് വളരെ കുറവായിരിക്കും എന്നതുൾപ്പടെ കണക്കുകൂട്ടലുകൾ ഫ്രാൻസുകാർ ഹോം വർക്ക് ചെയ്യാതിരിക്കുമോ? 
ഫ്രാൻസിന് ലോകോത്തര താരങ്ങളുണ്ടെങ്കിലും, സ്പെയിൻ കളിയുടെ നിയന്ത്രണം കൈവശം വയ്ക്കുകയും മധ്യനിരയിൽ ആധിപത്യം സ്ഥാപിക്കുകയും ടീം ഫുട്ബോൾ കൃത്യമായി നടപ്പാക്കുകയും ചെയ്തതാണ് സെമിഫൈനലിൽ വിജയത്തിന് വഴിയൊരുക്കിയത്. തിയറി പഠനത്തേക്കാൾ പ്രാക്ടിക്കൽ പഠനം കളത്തിൽ മുൻതൂക്കം നൽകുമെന്ന കാര്യം സ്പെയിൻ ഫ്രഞ്ച് മല്ലൻമാരെ പഠിപ്പിച്ചു വിട്ടു. 
പന്ത് കൈവശം വെക്കുക മാത്രമല്ല, എതിരാളിയുടെ ആത്മവിശ്വാസവും കൈവശപ്പെടുത്താൻ അവർക്ക് കഴിഞ്ഞു.
ഒരു യന്ത്രത്തിലെ ചക്രങ്ങൾ പോലെ ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുമ്പോൾ ഒരു സമ്പൂർണ ടീം രൂപപ്പെടുന്നു. 
അതുകൊണ്ടാണ് സ്പാനിഷ് ടീമിനെതിരെ കളിക്കുമ്പോൾ ഒരു താരത്തെ മാത്രം തടഞ്ഞാൽ മതിയാകാത്തത്. മുഴുവൻ സംവിധാനത്തെയും തടയേണ്ടി വരും.
ഫൈനലിൽ ഇംഗ്ലണ്ടായാലും അർജന്റീനയായാലും സ്പെയിൻ ഇനി ആരെയും ഭയപ്പെടില്ല.

ഇംഗ്ലണ്ടിന്റെ അച്ചടക്കമുള്ള പ്രതിരോധവും അർജന്റീനയുടെ വിജയപാരമ്പര്യവും ലോകം ചർച്ച ചെയ്യുന്നുണ്ടാകും. എന്നാൽ 
സ്പെയിൻ എതിരാളികളെ ബഹുമാനിക്കും; പക്ഷേ ഭയപ്പെടില്ലെന്ന് രണ്ടാം സെമി ഫൈനലിൽ കളിക്കുന്ന ഇംഗ്ലണ്ടും അർജൻ്റീനയും ഓർത്തു വെച്ചോളൂ എന്ന നിശബ്ദ താക്കീത് പോലെയാണ് ഫ്രാൻസിനെ നിർവീര്യമാക്കിയ വിജയത്തിലൂടെ അവർ ലോകത്തോട് വിളിച്ചു പറഞ്ഞത്.

ഫ്രാൻസ് മടങ്ങിയത് വെറും തോൽവിയുമായല്ല; തങ്ങളെക്കാൾ മികച്ച ഫുട്ബോൾ ചിന്തയ്ക്കും മികച്ച കൂട്ടായ്മയ്ക്കും മുന്നിൽ കീഴടങ്ങിയെന്ന തിരിച്ചറിവുമായാണ്.
ഫുട്ബോൾ പാദങ്ങളുടെ മാത്രം കളിയല്ല; തലച്ചോറിന്റെ, ക്ഷമയുടെ, അച്ചടക്കത്തിന്റെ, കൂട്ടായ്മയുടെ സംഗീതമാണെന്ന് സ്പെയിൻ വീണ്ടും തെളിയിച്ചിരിക്കുന്നു.

ഓർത്തു നോക്കൂ, ഗോളടിയന്ത്രങ്ങളായി മാറി ഗോൾഡൻ ബൂട്ടേഴ്‌സ് പട്ടത്തിനുള്ള പോരാട്ടത്തിൽ എവിടെയും സ്പാനിഷ് കളിക്കാരില്ല. ഒരുത്തനെയും കടത്തിവിടാത്ത വരച്ച വരയിൽ നിർത്തിയ പ്രതിരോധ കോട്ട കെട്ടി, ചുമതലകൾ മാത്രം കൃത്യമായി നിറവേറ്റി വീഴ്ചകൾ വരുത്താത്ത 11 മുത്തു മണികൾ ഒരേ സമയം ഒരുപോലെ നിറഞ്ഞാടിയ സ്പാനിഷ് കവിതക്കു മുമ്പിൽ ഫ്രാൻസിൻ്റെ ഉപന്യാസം വിരസമായി മാറി. വായിക്കപ്പെടാൻ അർഹതയില്ലാതെ.

ഇങ്ങനെയൊന്നും തോറ്റു മടങ്ങേണ്ടവരല്ല ഫ്രാൻസ് നിങ്ങൾ ! നിങ്ങൾക്കെന്തുപറ്റി സെമിയിൽ ! ഫുട്ബോൾ ഇങ്ങനെയൊക്കെയാണ്, ഒരുടീം ജയിച്ചേ മതിയാകൂ, അർഹതയുണ്ടായിട്ടും നേടാതെ പോയ അവിശ്വസനീയ തോൽവിയേറ്റ് വാങ്ങി അവരും മടങ്ങുന്നു. 48 ടീമുകളുടെ ബഹളം നിറഞ്ഞ 2026 ലോക കപ്പിൽ ഇനി രണ്ടേ രണ്ടു ടീമുകൾ അവശേഷിക്കുന്നു.