ഒടുവില്‍ കാനം വായ് തുറന്നു; പി രാജിവ് പോരെന്ന് വിമര്‍ശനം
പാലക്കാട്: ഒടുവില്‍ സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തികള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വായ് തുറന്നു. മന്ത്രി പി രാജിവിനെതിരെയാണ് കാനത്തിന്റെ ആരോപണങ്ങള്‍. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ പലതും നാഥനില്ല കളരിയാണെന്നും വ്യവസായ വകുപ്പ് മന്ത്രി ഇത് പരിഹരിക്കുന്നതില്‍ പരാജയമാണെന്നും കാനം പാലക്കാട് പറഞ്ഞു. മലബാര്‍ സിമന്‍സ് വര്‍ക്കേഴസ് യൂണിയന്‍ എഐടിയുസി വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് കാനം വ്യവസായ വകുപ്പ് പരാജയമാണെന്ന് തുറന്നടിച്ചത്. മലബാര്‍ സിമന്റ്‌സ് അടക്കമുള്ള കമ്പനികളുടെ തലപ്പത്ത് ഇന്ന് എംഡി അടക്കമുള്ള സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് ഉദ്യോഗസ്ഥരെ തോന്നുംപോലെ പ്രവര്‍ത്തിപ്പിക്കാന്‍ പ്രചോദനം നല്‍കുമെന്നും നഷ്ടത്തിലാക്കുമെന്നും കാനം പറഞ്ഞു. സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങള്‍ക്കെതിരെ വിമര്‍ശനാത്മക സമീപനം സ്വീകരിക്കാന്‍ കാനം മടിക്കുന്നുവെന്നാരോപിച്ച് സിപിഐ അണികളും നേതാക്കളും രംഗത്തുവന്നിരുന്നു. സിപിഐയില്‍ ഇത് ജില്ലാ സമ്മേളനങ്ങളുടെ കാലമാണ്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അടക്കം കനത്തിനെതിരെ വിമര്‍ശനം ശകതമായിരുന്നു. ഈ സാഹചര്യത്തിലാണോ കാനം നിലപാടില്‍ മാറ്റം വരുത്തിയതെന്ന് വ്യക്തമല്ല.