നാളെ സോണിയ ഗാന്ധി ഹാജരാവില്ല; ചോദ്യംചെയ്യൽ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഇ.ഡിയ്ക്ക് കത്ത്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ സോണിയ ഗാന്ധി നാളെ ഹാജരാകില്ല. ആരോഗ്യകാരണം ചൂണ്ടിക്കാട്ടിയാണ് സോണിയാ ഗാന്ധി ചോദ്യം ചെയ്യലിന് എത്തില്ലെന്ന് ഇ.ഡിയ്ക്ക് കത്ത് നൽകിയിരിക്കുന്നത്.
കോൺഗ്രസ് വക്താവ് ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ സോണിയാഗാന്ധി നേരിടുന്നുണ്ട്. ചോദ്യംചെയ്യൽ കുറച്ച് ആഴ്ചകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ഇ.ഡിയ്ക്ക് കത്തയച്ചിട്ടുണ്ട്. സോണിയാഗാന്ധി ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഇളവ് വേണമെന്നാണ് കത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ കോവിഡ് ബാധിച്ചിരുന്ന സോണിയാ ഗാന്ധിയെ പിന്നീട് കോവിഡ് അനന്തര രോഗങ്ങളെത്തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനുശേഷം മൂക്കിൽ നിന്ന് രക്തം വന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസനാളത്തിൽ അണുബാധ കണ്ടെത്തി. രണ്ട് ദിവസം മുമ്പായിരുന്നു സോണിയാ ഗാന്ധിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തത്