എട്ടാം തവണ ബിഹാര്‍ മുഖ്യമന്ത്രിയാകുകയാണ് നിതീഷ് കുമാർ നാളെ
ബിഹാറിൽ ജെഡിയു, ആർജെഡി, കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെ പുതിയ സർക്കാർ നാളെ അധികാരമേൽക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. ജനതാദൾ യുനൈറ്റഡ് (ജെഡിയു) നേതാവ് നിതീഷ് കുമാർ ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും.
ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എന്‍ഡിഎ വിട്ടതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. ചതി ജനം പൊറുക്കില്ലെന്നും, നിതീഷിന്‍റെ മുഖ്യമന്ത്രി സ്ഥാനം ഔദാര്യമായിരുന്നുവെന്നുമാണ് ബിജെപി കേന്ദ്രനേതൃത്വം പ്രതികരിച്ചത്.
കേവളഭൂരിപക്ഷത്തിന് 122 അംഗങ്ങൾ വേണമെന്നിരിക്കെ 164 അംഗങ്ങളുടെ പിന്തുണയുമായിട്ടാണ് നിതീഷ് കുമാർ രാജിക്കത്ത് നൽകിയത് തന്നെ. ഇത് ബിജെപിക്കും എൻഡിഎ വലിയ തിരിച്ചടിയായിരിക്കുകയാണ്.