പെട്ടി തുറന്നപ്പോൾ ഞെട്ടൽ; ആമസോണിന്റെ റീഫണ്ട് നിഷേധം ഒടുവിൽ കോടതിയിലെത്തി
ഓർഡർ ചെയ്ത ഷൂസിന് പകരം മറ്റൊരു ഉൽപ്പന്നം ലഭിച്ചിട്ടും റീഫണ്ട് നിഷേധിച്ച ആമസോണിനെതിരെ കണ്ണൂർ സ്വദേശിനി നടത്തിയ നിയമപോരാട്ടത്തിൽ ഉപഭോക്തൃ കമ്മീഷൻ അനുകൂല വിധി പുറപ്പെടുവിച്ചു.
ഇന്നത്തെ കാലഘട്ടത്തിൽ മിക്കവരും ഓൺലൈനിലൂടെയാണ് സാധനങ്ങൾ വാങ്ങുന്നത്. അത് ദൈനംദിന ആവശ്യസാധനങ്ങളായാലും വസ്ത്രങ്ങളായാലും ഓൺലൈൻ ഷോപ്പിങ്ങിനെയാണ് പലരും ആശ്രയിക്കുന്നത്. ചിലപ്പോൾ ഓർഡർ ചെയ്ത സാധനത്തിന് പകരം മറ്റൊന്നാണ് ലഭിക്കാറുള്ളത്. അത്തരം സാഹചര്യങ്ങളിൽ സാധനം തിരികെ നൽകി റീഫണ്ട് ലഭിക്കുന്നതും സാധാരണമാണ്. എന്നാൽ കണ്ണൂരിൽ നടന്ന ഒരു സംഭവം ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. തെറ്റായ ഉൽപ്പന്നം ലഭിച്ചിട്ടും റീഫണ്ട് നിഷേധിച്ചതോടെ ഒരു മലയാളി നിയമപോരാട്ടത്തിന് ഇറങ്ങി. ഒടുവിൽ കോടതി വിധി വന്നപ്പോൾ സംഭവിച്ചത് ഓൺലൈൻ ഷോപ്പിങ് നടത്തുന്ന ഏവരും അറിഞ്ഞിരിക്കേണ്ട ഒന്നായി മാറി. കണ്ണൂര്‍ ചാലാട് സ്വദേശിനിയും സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായ അനിമ എമ്മിനാണ് വേറിട്ട അനുഭവമുണ്ടായത്. 2025 സെപ്റ്റംബർ 22-നാണ് ആമസോൺ വഴി 1,945.30 രൂപ വിലയുള്ള Skechers കാഷ്വൽ ഷൂസ് ഓർഡർ ചെയ്തത്. 5,200 രൂപയുടെ ബൾക്ക് ഓർഡറിന്റെ ഭാഗമായിരുന്നു ഈ വാങ്ങൽ. എന്നാൽ സാധനം കയ്യിലെത്തിയപ്പോൾ തികച്ചും അപ്രതീക്ഷിതമായ ട്വിസ്റ്റാണ് സംഭവിച്ചത്. ഓർഡർ ചെയ്തിരുന്ന കറുപ്പ് നിറത്തിലുള്ള Skechers ഷൂസിന് പകരം എത്തിയത് വെളുത്ത സോൾ ഉള്ള മറ്റൊരു മോഡൽ ഷൂസായിരുന്നു.ഓർഡർ ചെയ്ത ഉൽപ്പന്നവും ലഭിച്ച ഉൽപ്പന്നവും തമ്മിലുള്ള ഈ വ്യത്യാസമാണ് പിന്നീട് നിയമപോരാട്ടത്തിലേക്ക് നയിച്ചത്.
തെറ്റായ ഉൽപ്പന്നം ലഭിച്ചതിനെ തുടർന്ന് സെപ്റ്റംബർ 24-ന് തന്നെ ഷൂസ് തിരികെ നൽകി. റിട്ടേൺ സ്വീകരിച്ചതായി ആമസോൺ സ്ഥിരീകരിക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ റീഫണ്ട് ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പണം അക്കൗണ്ടിലെത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്. ഉപഭോക്താവ് തിരികെ അയച്ച ഉൽപ്പന്നം ട്രാൻസിറ്റിനിടെ നഷ്ടപ്പെട്ടിരിക്കാമെന്നാണ് ആമസോൺ അറിയിച്ചത്. 'Your return is likely lost in transit' എന്ന സന്ദേശം അയച്ച കമ്പനി, അതിന് ശേഷവും റീഫണ്ടോ മറ്റ് പരിഹാരമോ നൽകാൻ തയ്യാറായില്ല. ഇതോടെയാണ് ഉപഭോക്താവ് നിയമത്തിന്റെ വഴി തേടിയത്.
ഇതിനിടയിൽ 2025 സെപ്റ്റംബർ 30-ന് ബെംഗളൂരുവിൽ ഒരു പുതിയ ജോലി അവസരവുമായി ബന്ധപ്പെട്ട അഭിമുഖത്തിന് വിളി ലഭിച്ചത്. എന്നാൽ ആമസോണുമായുള്ള റീഫണ്ട് തർക്കവും അതുമൂലമുണ്ടായ മാനസിക സമ്മർദവും കാരണം ആ അവസരം നഷ്ടമായതായി അനിമ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതോടെ ഷൂസിന്റെ വിലയായ 1,945.30 രൂപ തിരികെ നൽകുന്നതിന് പുറമെ, മാനസിക ബുദ്ധിമുട്ടിന് 2 ലക്ഷം രൂപയും ജോലി അവസരം നഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാരമായി 1 ലക്ഷം രൂപയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. എന്നാൽ, കമീഷന്റെ നോട്ടീസ് ലഭിച്ചിട്ടും ആമസോൺ ഹാജരാകുകയോ മറുപടി നൽകുകയോ ചെയ്തില്ല. ഇതേ തുടർന്ന് കേസ് ഏകപക്ഷീയമായി കമ്മീഷൻ പരിഗണിച്ചു.
നികുതി ഇൻവോയ്സ്, റിട്ടേൺ ട്രാൻസിറ്റിൽ നഷ്ടമായതായി ആമസോൺ അയച്ച സന്ദേശം, ഉൽപ്പന്ന ലിസ്റ്റിംഗിന്റെ സ്ക്രീൻഷോട്ട്, ഡെലിവറി തെളിവ്, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ ഉൾപ്പെടെ ഏഴ് രേഖകൾ പരാതിക്കാരി ഹാജരാക്കി. ഇവ പരിശോധിച്ച കമ്മീഷൻ, ഓർഡർ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ ഉൽപ്പന്നമാണ് ലഭിച്ചതെന്നും അത് ഉടൻ തന്നെ തിരികെ നൽകിയെന്നും വിലയിരുത്തി. എതിർവാദം ഇല്ലാത്ത സാഹചര്യത്തിൽ പരാതിക്കാരിയുടെ വാദം വിശ്വസനീയമാണെന്നും കമ്മീഷൻ കണ്ടെത്തി. എന്നാൽ, ജോലി അവസരം നഷ്ടപ്പെട്ടെന്ന അവകാശവാദം തെളിയിക്കുന്ന രേഖകൾ പരാതികരിക്ക് ഹാജരാക്കാൻ സാധിക്കാഞ്ഞതിനാൽ അതുസംബന്ധിച്ച നഷ്ടപരിഹാര ആവശ്യം കമ്മീഷൻ തള്ളി. ഷൂസിന്റെ വിലയായ 1,945.30 രൂപ തിരികെ നൽകാനും മാനസിക ബുദ്ധിമുട്ടിന് 8,000 രൂപ നഷ്ടപരിഹാരമായും നിയമച്ചെലവിനായി 4,000 രൂപയും നൽകാനും ആമസോണിന് ഉത്തരവിട്ടു. ഇതോടെ ആകെ 13,945.30 രൂപ പരാതിക്കാരിക്ക് നൽകേണ്ടതായിട്ടുണ്ട്. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തുക നൽകണമെന്നും, വീഴ്ച വരുത്തിയാൽ 9,945.30 രൂപയ്ക്ക് ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ പൂർണതുക നൽകുന്നതുവരെ പ്രതിവർഷം 9 ശതമാനം പലിശ നൽകേണ്ടിവരുമെന്നും കമ്മീഷൻ വ്യക്തമാക്കി.