കരിന്തളത്തെ കേന്ദ്ര യോഗ-പ്രകൃതിചികിത്സ ഗവേഷണ കേന്ദ്രം: നിർമാണം ഉടൻ ആരംഭിക്കണം; കേന്ദ്രത്തോട് രാജ്മോഹൻ ഉണ്ണിത്താൻ എംപി
2019-ൽ ശിലാസ്ഥാപനം നടത്തി 90 കോടി രൂപ പ്രഖ്യാപിച്ച പദ്ധതിയിൽ ഇതുവരെ നിർമാണം ആരംഭിച്ചില്ല; പാർലമെന്റിൽ റൂൾ 377 പ്രകാരം വിഷയം ഉന്നയിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ടു.
കേരളത്തിന് അനുവദിച്ച
കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ കരിന്തളം വില്ലേജിൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ആൻഡ് നാചുറോപതി (CRIYN) പദ്ധതിയുടെ നിർമാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ റൂൾ 377 പ്രകാരമാണ് വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് എംപി അറിയിച്ചു.
പദ്ധതിക്കായി കരിന്തളം വില്ലേജിലെ 15 ഏക്കർ ഭൂമി കേരള സർക്കാർ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കൈമാറിയിരുന്നു. 2019 ഫെബ്രുവരി 3-ന് ശിലാസ്ഥാപനം നടത്തി 90 കോടി രൂപ അനുവദിച്ചതായും നിർമാണം ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ലെന്ന് എംപി ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച് നിരവധി തവണ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും, ഉത്തരകേരളത്തിന് വലിയ ഗുണം ചെയ്യുന്ന ഈ സുപ്രധാന പദ്ധതി യാഥാർഥ്യമാക്കുന്നതിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയുടെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തിനായി അനുവദിച്ച ഭൂമി 30 വർഷത്തേക്ക് പ്രതിവർഷം 100 രൂപ പാട്ടത്തുക നിശ്ചയിച്ച് കൈമാറിയതാണെന്നും, 2018 ഒക്ടോബർ 12-ന് കാസർഗോഡ് ജില്ലാ കളക്ടർ ഭൂമി ബന്ധപ്പെട്ട കേന്ദ്ര സ്ഥാപനത്തിന് കൈമാറിയതായും എംപി വ്യക്തമാക്കി. പാട്ടത്തുക അടയ്ക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കാൻ നേരത്തെയും ബന്ധപ്പെട്ട അധികാരികളുമായി ഇടപെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിനായി പ്രഖ്യാപിച്ച കേന്ദ്ര യോഗ-പ്രകൃതിചികിത്സ ഗവേഷണ കേന്ദ്രത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഒരിക്കൽ കൂടി ശക്തമായി ആവശ്യപ്പെട്ട രാജ്മോഹൻ ഉണ്ണിത്താൻ എംപി, പുതിയ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് പദ്ധതിക്ക് ആവശ്യമായ എല്ലാ സഹകരണവും ഉറപ്പാക്കുമെന്നും അറിയിച്ചു.